കോട്ടയം : ഹരിത കേരളം മിഷനും കൃഷി വകുപ്പും കൈകോർത്തതോടെ കുമാരനല്ലൂർ ഗവ.യു.പി സ്‌കൂളും ഇനി ഹരിതാഭം. 'ഹരിതോത്സവം 2019 ' പരിപാടിയെ ഹർഷാരവത്തോടെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും എതിരേറ്റത്.
പച്ചഓല കൊണ്ട് മേഞ്ഞ ഹരിത ഭവനം, വിദ്യാർത്ഥികൾക്കായി പേപ്പർ പേന വിതരണം, പച്ചക്കറി തൈ നടീൽ ഉത്സവം, സംഘാടകർക്കായി ആലില കൊണ്ട് ഹരിത ബാഡ്ജ് എന്നിവയും പരിപാടിയെ വേറിട്ടതാക്കി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, പരിസ്ഥിതി സൗഹൃദ വിദ്യാലയം, ജൈവ പച്ചക്കറി കൃഷിതോട്ടം, ഫലവൃക്ഷതോട്ടം തുടങ്ങി പദ്ധതികളാണ് സ്‌കൂളിൽ നടപ്പിലാക്കിയത്.ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്‌കൂളിൽ ഹരിതക്ലബ് രൂപീകരിച്ചിരുന്നു.
വിദ്യാർത്ഥികളിൽ പരിസ്ഥിതിയെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഉണർത്തുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടത്തി. കനകപ്പാലം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ടുമെന്റിൽ നിന്നും ശേഖരിച്ച ഔഷധ സസ്യങ്ങൾ ഉൾപ്പടെ 15ഓളം വൃക്ഷ തൈകളാണ് ഇതിനോടകം വിതരണം ചെയ്തത്. ലഹരിവിരുദ്ധ ദിനം, അധ്യാപക ദിനം, പരിസ്ഥിതി ദിനം, മരുവത്ക്കരണ ദിനം, തുടങ്ങിയ ദിനങ്ങളെല്ലാം പി. ടി. എ യുടെ സഹകരണത്തോടെ പ്രകൃതി സൗഹൃദമായാണ് സ്കൂളിൽ ആചരിക്കുന്നത്.
'ഹരിതോത്സവം 2019 ' കൃഷി ഓഫീസർ നസിയ സത്താർ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അനിൽ ശിവാനന്ദ ഷേണായി അധ്യക്ഷത വഹിച്ചു.ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.രമേശ് വിഷയാവതരണം നടത്തി. കുമാരനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ ചന്ദ്രമോഹനൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കുട്ടികൾക്ക് പ്രകൃതി സൗഹൃദമായ പേപ്പർ പേനകൾ വിതരണം ചെയ്തു. സ്‌കൂൾ കാർഷിക ക്ലബ് കൺവീനർ വി.പ്രസാദിനെ മിഷൻ കോർഡിനേറ്റർ പൊന്നാട അണിയിച്ചു ആദരിച്ചു. വാർഡ് കൗൺസിലർ രേണുക ശശി, അധ്യാപിക ജയലളിത വി.എസ് , ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ അർച്ചന ഷാജി, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബി.ഉഷാകുമാരി സ്വാഗതവും അധ്യാപിക ഷെമീന അസീസ് നന്ദയും പറഞ്ഞു.