കോട്ടയം : ജൈവസാക്ഷരതയ്ക്കായി എം.ജി യൂണിവേഴ്സിറ്റി നടപ്പാക്കിയ 'ജൈവം-2017' പദ്ധതിയുടെ പേരിൽ നടന്നത് വൻ ധൂർത്ത്. ഉദ്ഘാടനത്തിനായി മാത്രം 11 ലക്ഷത്തിലേറെ രൂപ ചെലവാക്കി. ചെറിയൊരു കല്യാണ സദ്യയ്ക്ക് ആവശ്യമായ പച്ചക്കറിയാണ് ചടങ്ങിൽ കൊളുത്താൻ നിർമ്മിച്ച 'ജൈവ നിലവിളിക്കിനായി വേണ്ടി വന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അതേസമയം പദ്ധതി ചെലവ് സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് മുൻ രജിസ്ട്രാറിന്റെ കാലത്ത് വിചിത്ര വാദം നിരത്തി മറുപടി നൽകിയിരുന്നില്ല. 2017 ആഗസ്റ്റ് 29 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതി പലരും 'കൃഷിയിട"മാക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ നൽകിയ 2.58 കോടിയും സുസ്ഥിര ജൈവകൃഷിക്കായി അന്തർ സർവകലാശാല കേന്ദ്രത്തിന് ലഭിച്ച ഒരു കോടി രൂപയും ചേർത്ത് 3.58 കോടി ലഭിച്ചപ്പോൾ 3.07 കോടി ചെലവായി. ലക്ഷങ്ങൾ മുടക്കി സെമിനാറും ക്ളാസുകളും സംഘടിപ്പിച്ചു. സിനിമ നിർമ്മിച്ചു, മൊബൈൽ ആപ്ളിക്കേഷനുണ്ടാക്കി, നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ വീടുകളിലെത്തി കതകിൽ സ്റ്റിക്കർ പതിപ്പിച്ചു, കൈപ്പുസ്തകം വിതരണം ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ട് ആരൊക്കെ ജൈവസാക്ഷരത നേടിയെന്ന് ചോദിക്കരുതെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങൾ പോലും പറയുന്നത്. റിട്ട. ഉദ്യോഗസ്ഥരെയും പദ്ധതിക്കായി നിയമിച്ചിരുന്നു.
ജൈവ നിലവിളക്കിന് 5000
ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി തിരികൊളുത്തിയത് 'ജൈവനിലവിളക്കായിരുന്നു'. തക്കാളിയും പാവയ്ക്കയും കത്രിക്കയും ചെറുനാരങ്ങയും മത്തങ്ങയും കണിവെള്ളരിയും വാഴച്ചുണ്ടും ക്രമത്തിൽ ഉയർത്തി നിർമ്മിച്ച നിലവിളക്കിന് 5,000 രൂപയാണ് ചെലവ്. കൂടാതെ 2356 രൂപയുടെ പച്ചക്കറിയും വാങ്ങി. പഞ്ചവാദ്യത്തിന് 48000 രൂപയുമായി.
മറ്റ് ചെലവുകൾ
പന്തൽ : 5.61 ലക്ഷം
ശബ്ദസംവിധാനം : 1.28 ലക്ഷം
ആർച്ച് : 39,000
പോസ്റ്റർ : 1.11 ലക്ഷം
ബാനർ : 76000
കൈപ്പുസ്തകം : 36.88 ലക്ഷം
പലവക : 3.70ലക്ഷം
അന്നത്തെ വിചിത്ര വാദം
പദ്ധതി സംബന്ധിച്ച് കണക്കുകൾ തേടി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാതെ യൂണിവേഴ്സിറ്റി നിരസിച്ചത് ഓഡിറ്റ് പൂർത്തിയാക്കാതെ കണക്ക് നൽകാൻ കഴിയില്ലെന്ന വാദം നിരത്തിയാണ്. ഇപ്പോഴും പദ്ധതിയുടെ ഓഡിറ്റ് പൂർത്തിയായിട്ടില്ല. കണക്ക് പുറത്തുപോകാതിരിക്കാൻ മുൻ രജിസ്ട്രാറിന്റെ കാലത്ത് ചിലർ ഇടപെട്ടുവെന്ന് വ്യക്തം.