ചങ്ങനാശേരി: ഒന്നര സെന്റ് സ്ഥലത്ത് പടുതാക്കുളത്തിൽ മത്സ്യക്കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് ഇത്തിത്താനം കണ്ണന്ത്രപ്പടി കാർഗിൽ സ്വദേശി അനുഗ്രഹയിൽ അജിത്ത്. കുറിച്ചി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ കാർഗിൽ ജംഗ്ഷനിലാണ് അജിത്തിന്റെ മത്സ്യക്കൃഷി. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് നൽകുന്ന ഗിഫ്റ്റ് സിലോഫിയ എന്ന മത്സ്യമാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. മത്സ്യക്കൃഷിയ്ക്കായി ആറ് ലക്ഷം രൂപ വരെ ചെലവഴിച്ചു. ഇതിൽ ഇതിൽ പകുതിയോളം ഫിഷറീസ് വകുപ്പിൽ നിന്നും സബ്‌സിഡിയായി ലഭിക്കുകയും ചെയ്തു. മത്സ്യക്കൃഷിയോടൊപ്പം പച്ചക്കറിക്കൃഷിയിലും ഈ യുവാവ് തന്റെ പ്രാവീണ്യം തെളിയിച്ചുകഴിഞ്ഞു.
പ്രവാസിയിൽ നിന്നും കർഷകനിലേക്ക്
ഗൾഫിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന അജിത്ത് നാട്ടിലേക്കു മടങ്ങിയതോടെയാണ് മത്സൃക്കൃഷിയിൽ ഒരു കൈനോക്കാൻ തീരുമാനിച്ചത്. ഇടുക്കിയിൽ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്നതിനോടൊപ്പമാണ് മത്സ്യകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പ്, യൂട്യൂബ്, സോഷ്യൽമീഡിയ എന്നിവയുടെ സഹായത്തോടെ അജിത്ത് മത്സ്യക്കൃഷിയെ അടുത്തറിഞ്ഞു. മലബാർ മേഖലയിലുള്ള മത്സ്യകൃഷിയെക്കുറിച്ച് പഠിച്ചതും ഒരു മുതൽക്കൂട്ടായി. പിതാവ് വിജയകുമാർ, മാതാവ് രത്‌നമ്മ, ഭാര്യ രേവതി എന്നിവരാണ് മത്സ്യകൃഷിയിൽ അജിത്തിന്റെ പിൻബലം. രോഹു, നട്ടർ, ഗൗരാമി തുടങ്ങിയ മത്സ്യങ്ങൾ കൂടി കൃഷി ചെയ്യാൻ പദ്ധതിയുണ്ട്. മത്സ്യക്കൃഷി ആദായകരമാണെങ്കിലും കബളിപ്പിക്കലിൽപ്പെടരുതെന്നാണ് അജിത്തിനു പറയാനുള്ളത്.
അക്വാഫോണിക്‌സ്
കുളത്തിലെ വെള്ളം വേസ്റ്റാകുമ്പോൾ അത് പമ്പ് ചെയ്ത് ശുചീകരിച്ച്, മെറ്റിലിൽ കിളിർപ്പിക്കുന്ന പച്ചക്കറിത്തൈകളുടെ ചുവട്ടിൽ ഒഴിച്ച് അവയ്ക്ക് വളമാക്കുകയും പിന്നീട് ആ വെള്ളം കുളത്തിലെത്തിക്കുന്നതാണ് കൃഷിരീതി. പാലക്ക്, കുക്കുംബർ, തക്കാളി, പച്ചമുളക്, ചീര അടക്കം ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും മത്സ്യവേസ്റ്റിൽ നിന്നും വിളയിച്ചെടുക്കുന്നു. വെള്ളത്തിൽ ഓക്‌സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന മോട്ടറിലേക്കുള്ള വൈദ്യുതി, വീടിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൽ നിന്നുമാണ് ഉപയോഗിക്കുന്നത്. ചേമ്പില, കപ്പളത്തിന്റെ ഇല, റെഡിമെയ്ഡ് തീറ്റ എന്നിവയാണ് മീനുകൾക്ക് നല്കുന്നത്. പൂർണ്ണ വളർച്ചയെത്തിയ മത്സ്യം കിലോക്ക് 250 രൂപ നിരക്കിലാണ് ഇപ്പോൾ വിൽക്കുന്നത്.