കോട്ടയം : 30 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ട് ദുരന്തത്തിന്റെ പതിനേഴാം വർഷത്തിലും മറ്റൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ഇന്നും ജലരേഖമാത്രം. മുന്നൂറിലേറെ യാത്രക്കാരുമായി മുഹമ്മയിൽ നിന്നു കുമരകത്തേയ്‌ക്ക് വരികയായിരുന്ന ജലഗതാഗതവകുപ്പിന്റെ എ 53 -ാം നമ്പർ ബോട്ട് 2002 ജൂലായ് 27പുലർച്ചെ 6.05 ന് മുങ്ങുകയായിരുന്നു. 29 പേർ കായലിൽ മുങ്ങിമരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിലുമാണ് മരണമടഞ്ഞത്.

കോട്ടയത്ത് പി.എസ്.സി ലാസ്റ്റ്ഗ്രേഡ് പരീക്ഷ എഴുതാൻ ബോട്ടിൽ കയറിയ ഉദ്യോഗാർത്ഥികളുടെ ഭാരം സഹിക്കാനാവാതെ ബോട്ട് മറിയുകയായിരുന്നു. കായലിൽ കക്ക വാരിയും മീൻ പിടിച്ചുകൊണ്ടുമിരുന്ന തൊഴിലാളികളും, ദുരന്തവിവരമറിഞ്ഞ് പാഞ്ഞെത്തിയ കുമരകത്തെ സാധാരണക്കാരും ഒത്തൊരുമയോടെ രക്ഷാപ്രവർത്തകരായതും ജില്ലാ ഭരണകൂടം സന്ദർഭോചിതമായി ഇടപെട്ടതുമാണ് മരണസംഖ്യ കുറയ്ക്കാനായത്. ബോട്ട് ദുരന്തക്കേസിലെ മൂന്നു പ്രതികളെയും കോടതി അടുത്തിടെ വെറുതെവിട്ടിരുന്നു. ദുരന്തത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും ഇതുവരെ യാഥാർത്ഥ്യമായില്ല. കുമരകം - മുഹമ്മ ഫെറി 9 കിലോ മീറ്ററുണ്ട്. വേമ്പനാട്ട് കായലിലൂടെ മുക്കാൽ മണിക്കൂറോളം യാത്ര. എന്ത് അപകടം സംഭവിച്ചാലും ബോട്ട് അടുപ്പിക്കാൻ ഇടയ്ക്ക് ജെട്ടികളില്ല. കാറും കോളുമുണ്ടെങ്കിൽ കായലിൽ ബോട്ട് വഴി തെറ്റി ഒഴുകും. മറ്റൊരു ദുരന്തത്തിന് മുകളിലൂടെയാണ് കുമരകം മുഹമ്മ ബോട്ട് ഇന്നും 'സർവീസ് 'നടത്തുന്നത് .

കമ്മിഷൻ നിർദ്ദേശങ്ങൾ

പുതിയ ബോട്ടുകൾ സർവീസിനിറക്കുക

 കായലിലെ മൺതിട്ടകൾ നീക്കം ചെയ്യുക

ബോട്ട് ചാലിന്റെ ആഴം കൂട്ടുക

ലൈഫ് ജാക്കറ്റ് നിർബന്ധമാക്കുക

കുമരകം, മുഹമ്മ ജെട്ടികൾ നവീകരിക്കുക

വഴിപാടായി ആഴംകൂട്ടൽ

90 ലക്ഷം രൂപ ചെലവഴിച്ച് ബോട്ട് ചാൽ ആഴം കൂട്ടാൻ സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിയെങ്കിലും വഴിപാട് പണി നടത്തി കമ്പനി മുങ്ങി. നേരത്തേ മൂന്ന് ബോട്ടുകൾ സർവീസ് നടത്തിയത് ഇപ്പോൾ രണ്ടായി ചുരുങ്ങി. പാതിരാമണൽ ചുറ്റി ടൂറിസ്റ്റ് ബോട്ട് പ്രഖ്യാപനം എങ്ങുമെത്തിയില്ല. കുമരകം ജെട്ടിയിൽ നിന്ന് ബോട്ടിലേക്ക് കയറാനുള്ള പ്ലാറ്റ് ഫോം മേൽക്കൂരയോടെ നിലംപൊത്തി ആറ്റിൽ വീണു കിടന്നത് മാസങ്ങളോളമാണ്.

'ദുരന്തമായി" ദുരന്തസ്മാരക മന്ദിരം

രക്ഷാപ്രവർത്തനത്തിന് പൊതുജനങ്ങൾ നൽകിയ സേവനം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുനിലയിൽ നിർമ്മിച്ച 'ബോട്ട് ദുരന്ത സ്മാരകം" ഇന്ന് അനാഥമായി കിടക്കുകയാണ്. ഉടമസ്ഥാവകാശത്തെ ചൊല്ലി ഇറിഗേഷൻ വകുപ്പും പഞ്ചായത്തും തമ്മിലാണ് തർക്കം. തീർത്തും വൃത്തിഹീനമായ നിലയിലാണ് കെട്ടിടം. പ്രാഥമികാവശ്യത്തിന് മതിയായ സൗകര്യമില്ല. ഇവിടെ പ്രവർത്തിച്ചിരുന്ന ഡി.ടി.പി.സി ഓഫീസും നിറുത്തലാക്കി. രാപ്പകൽ ഭേദമെന്യേ സാമൂഹ്യവിരുദ്ധരുടെ താവളമാണ് കെട്ടിടം.