kalamela

വൈക്കം : ശ്രീ മഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപക പരിശീലകരുടെ ദ്വിദിന കലാമേള ' വേദിക 2019 ' ന് തിരിതെളിഞ്ഞു. കലയും സാഹിത്യവും വ്യക്തിയെ പൂർണതയിലേക്ക് നയിക്കുകയും സമൂഹത്തെ നന്മയിലേക്ക് ആനയിക്കുകയും ചെയ്യുമെന്ന് ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടർ പി. ജി. എം. നായർ കാരിക്കോട് അഭിപ്രായപ്പെട്ടു. കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഇ. വി. വരദരാജൻ മാസ്​റ്റർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ബി.മായ, കെ.കെ.ബേബി, പോൾ മാത്യു, എം.എ അനൂപ്, അനിലാ ബോസ്, ഹസീന യൂസഫ്, ആര്യ എസ്. നായർ, ഗീതു, ഐബിൻ ജോ, ശ്രീലക്ഷ്മി നായർ, മുഹമ്മദ് ഷിഫാൻസ്, അയന ചന്ദ്രൻ, രതീഷ്, തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ ഇരുപതിലേറെ ഇനങ്ങളിലായി നൂറിൽ പരം അദ്ധ്യാപക പരിശീലകർ പങ്കെടുക്കും. നാടൻ പാട്ട്, മാപ്പിളപ്പാട്ട്, മാർഗ്ഗം കളി, തിരുവാതിര, സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം, പദ്യപാരായണം, കവിത ചൊല്ലൽ, സംഘ നൃത്തം, ഭരതനാട്യം, മൂകാഭിനയം, ഏകാഭിനയം, മിമിക്രി, പ്രസംഗം, പ്രഭാഷണം, കവിതാ രചന, കഥാ രചന, പ്രബന്ധ മത്സരം, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. വിജയികൾക്ക് ജില്ലാതല ടി. ടി. ഐ കലോത്സവത്തിൽ പങ്കെടുക്കാവുന്നതാണ്. കലാമേളക്ക് മുന്നോടിയായി വിളംബര യാത്രയും സംഘടിപ്പിച്ചിരുന്നു.