enadhi-kadathu

തലയോലപ്പറമ്പ് : ചെമ്പ് മറവൻതുരുത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മൂവാ​റ്റുപുഴ ആറിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന് വർഷം മുൻപ് പാലം നിർമ്മിക്കുന്നതിന് ബഡ്ജ​റ്റിൽ ഉൾക്കൊള്ളിക്കുകയും അതിന്റെ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല. ചെമ്പ് പഞ്ചായത്തിലെ ഉൾപ്രദേശമായ ഏനാദി, തുരുത്തുമ്മ, വൈപ്പാടംമ്മേൽ, ബ്രഹ്മമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ പുറം ലോകവുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിന് ഈ കടത്താണ് ആശ്രയിക്കുന്നത്. കടത്തു കടക്കാതെ വൈക്കത്തുനിന്ന് ഏനാദിയിലേയ്‌ക്കെത്താൻ നീർപ്പാറവഴിയോ തട്ടാവേലി പാലം കടന്ന് കരിപ്പാടംവഴിയോ കിലോമീ​റ്ററുകൾ ചു​റ്റി സഞ്ചരിക്കണം. മൂന്ന് വർഷം മുൻപ് ഇവിടത്തെ ഫെറിയിൽവാഹനങ്ങൾ മറുകര എത്തിക്കാനായി ഉണ്ടായിരുന്ന ചങ്ങാട സർവീസ് നിലച്ചതോടെ ജനം ഏറെ ദുരിതത്തിലായി. ചങ്ങാട സർവീസ് ഉണ്ടായിരുന്നപ്പോൾ നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്. ഉന്നത നിലവാരത്തിൽ മൂലേക്കടവ് വരെയും മറുകരയിലും നിലവിൽ റോഡ് സൗകര്യവും എറണാകുളത്ത് നിന്നും വരുന്ന കെ. എസ്. ആർ. ടി സി. ബസ് മൂലേക്കടവ് വരെ സർവീസും നടത്തുന്നുണ്ട്. പാലം യഥാർത്ഥത്യമാകുന്നതോടെ മറവൻതുരുത്ത് പഞ്ചായത്തിലെ ആറോളം വാർഡുകളിലെ നിവാസികൾക്ക് എളുപ്പത്തിൽ നീർപ്പാറയിൽ എത്താൻ കഴിയും. ഇരു പഞ്ചായത്തുകളിലേയും 5000 ൽ അധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവിടെ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപ് നിരവധി തവണ മണ്ണുപരിശോധനയടക്കം നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. പല തവണ ബജ​റ്റിൽ പരാമർശം വന്നപ്പോഴൊക്കെ ജനം ഏറെ പ്രതീക്ഷ അർപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏനാദിനിവാസികളുടെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനും പ്രദേശത്തിന്റെ വികസനത്തിനും മൂലേക്കടവ് ഏനാദി പാലം നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

*ഏനാദി, തുരുത്തുമ്മ, വൈപ്പാടംമ്മേൽ, ബ്രഹ്മമംഗലം എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക പുറം ലോകവുമായി എത്താൻ എളുപ്പമാർഗം

*ചങ്ങാട സർവീസ് നിലച്ചതോടെ യാത്ര ദുരിതം വർദ്ധിച്ചു

*പാലം വന്നാൽ 5000 ത്തിലതികം ജനങ്ങൾക്ക് പ്രയോജനം ലഭിക്കും

* നിരവധി തവണ മണ്ണു പരിശോധന നടത്തിയെങ്കിലും നടപടിയുണ്ടായില്ല