പാലാ : റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്നവരാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതെന്ന് പാലാ നഗരസഭാ ചെയർ പേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ പറഞ്ഞു. പാലാ സെന്റ് മേരീസ് എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും,കേരള കൗമുദിയും, പാലാ ജോയിന്റ് ആർ.ടി. ഓഫീസും സംയുക്തമായി സെന്റ് മേരീസ് എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ റോഡ് സുരക്ഷാ ബോധവത്രരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും പല ദുരന്തങ്ങളുടേയും പിന്നിലുണ്ട്. കേരളകൗമുദിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമാണ് യുവജനങ്ങൾക്കായുള്ള ഇത്തരം സെമിനാറുകൾ. സമൂഹത്തിൽ നടക്കുന്ന സാമൂഹ്യനീതി നിഷേധങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന കേരളകൗമുദി മാദ്ധ്യമ ലോകത്തെ വേറിട്ട ശബ്ദമാണെന്നും അവർ പറഞ്ഞു. യുവാക്കൾക്കായി ഇങ്ങനെയൊരു സെമിനാർ നടത്താൻ മുന്നോട്ടു വന്ന സെന്റ് മേരീസ് എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവരെ നഗരസഭാദ്ധ്യക്ഷ അഭിനന്ദിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യാതിഥിയായിരുന്നു. പാലാ എസ്.ഐ ഷാജി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ്.ശ്രീകുമാരി, കേരളകൗമുദി പരസ്യ മാനേജർ പ്രദീപ്, അസി.സർക്കുലേഷൻ മാനേജർ എ.ആർ.ലെനിൻ മോൻ, പാലാ ലേഖകൻ സുനിൽ പാലാ തുടങ്ങിയവർ പ്രസംഗിച്ചു. എ.എം.വി.ഐ എസ്.ശ്രീരാജ് ക്ലാസെടുത്തു. എ.എം.വി.ഐ നോബിയും പങ്കെടുത്തു. അദ്ധ്യാപകരായ ഏഴാച്ചേരി ബാബുരാജ്.കെ. സ്വാഗതവും, പി.ആർ.ഗീത നന്ദിയും പറഞ്ഞു.