prk-172-19

കോട്ടയം : കെട്ടിട നിർമ്മാണ അനുമതിയും നമ്പർ അനുവദിക്കലുമായി ബന്ധപ്പെട്ട ജില്ലാതല അദാലത്തിന്റെ ആദ്യദിനത്തിൽ 35 ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 431 അപേക്ഷകളിൽ തീർപ്പ് കല്പിച്ചു. പഞ്ചായത്തുകളിൽ തീർപ്പാക്കാനാവാത്ത അപേക്ഷകൾ പരിഹരിക്കുന്നതിന് തദ്ദേശവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാ പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിച്ചത്.

റോഡിൽ നിന്ന് മൂന്നു മീറ്റർ ദൂരപരിധി പാലിക്കാതെയും നെൽവയൽ നികത്തിയും കെട്ടിട നിർമാണ ചട്ടങ്ങളിലെ നിബന്ധനകൾ ലംഘിച്ചും നടത്തിയ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചു. നമ്പർ അനുവദിക്കുന്നതിന് തണ്ണീർത്തട നെൽവയൽ സംരക്ഷണം, തീരദേശപരിപാലനം, നഗരഗ്രാമാസൂത്രണം, ഭൂസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കേണ്ടതിനാൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയ്ക്കും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കും ശേഷമാണ് അപേക്ഷകളിൽ തീർപ്പുണ്ടാക്കിയത്. നിയമ, ചട്ട ലംഘനങ്ങളുള്ള അപേക്ഷകളിൽ പരിഹാരമുണ്ടാക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും നൽകി. എ.ഡി.എം അലക്‌സ് ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം. ഷെഫീഖ്, ജില്ലാ ടൗൺ പ്ലാനർ സുജ മത്തായി, എൽ.എസ്.ജി.ഡി എക്‌സിക്യുട്ടീവ് എൻജിനീയർ മനോജ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സലോമി എന്നിവർ നേതൃത്വം നൽകി. ശേഷിക്കുന്ന 36 പഞ്ചായത്തുകളിലെ 483 അപേക്ഷകൾ 29 ന് പരിഗണിക്കും.