റോഡുകൾ സുരക്ഷിതമാക്കാൻ ജനങ്ങളുടെ പിന്തുണ വേണം

പാലാ: ജനങ്ങളുടെ പരിപൂർണ്ണ പിന്തുണയുണ്ടെങ്കിലേ , റോഡുകൾ സുരക്ഷിതമാക്കാൻ കഴിയൂവെന്ന് പാലാ ജോ. ആർ.ടി.ഓഫീസിലെ എ. എം. വി. ഐ. എസ്. ശ്രീരാജ് പറഞ്ഞു.
തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനുള്ള ബാദ്ധ്യത തനിക്കുണ്ടെന്ന പൗരബോധം ഓരോർത്തർക്കും ഉണ്ടായേ തീരൂ.

പാലാ സെന്റ് മേരീസ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കേരളകൗമുദിയും, പാലാ ജോ. ആർ.ടി. ഓഫീസും സംയുക്തമായി നടത്തിയ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറിൽ ക്ലാസെടുക്കുകയായിരുന്നൂ അദ്ദേഹം.

റോഡ് മര്യാദ പാലിക്കാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് ചെറു റോഡുകളിലാണ്. 55 ശതമാനം റോഡപകടങ്ങളും ഇത്തരം വഴികളിലുണ്ടാവുന്നതായും എ .എം. വി. ഐ. പറഞ്ഞു.

ചെറുപ്പക്കാരുടെ മറുപടി ഞെട്ടലുണ്ടാക്കുന്നു:
പാലാ എസ്. ഐ.

പാലാ: ചീറിപ്പായുന്ന ബൈക്കുകളും മറ്റും തടഞ്ഞു നിറുത്തി യുവാക്കളെ ഉപദേശിക്കുമ്പോൾ അവർ പറയുന്ന ലാഘവത്തോടെയുള്ള മറുപടി ഞെട്ടലുണ്ടാക്കുന്നതാണെന്ന് പാലാ എസ്. ഐ. യും , സ്റ്റേഷൻ പി. ആർ. ഒ. യുമായ ഷാജി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞു. അവനവന്റെ ജീവനും മറ്റുള്ളവരുടെ ജീവിതത്തിനും ഒരു വിലയും കൽപ്പിക്കാത്ത ചില യുവ ഡ്രൈവർമാർ സമൂഹത്തിനു തന്നെ ആശങ്ക സൃഷ്ടിക്കുന്നതായും ഉദാഹരണ സഹിതം എസ്. ഐ. ഷാജി സെബാസ്റ്റ്യൻ വിശദീകരിച്ചു.
സമ്മേളനത്തിൽ സെന്റ് മേരീസ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്വിസ് ക്ലബ്ബിന്റെ ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോയും, ഡിബേറ്റ് ക്ലബിന്റെ ഉദ്ഘാടനം കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജും, നേച്ചർ ക്ലബിന്റെ ഉദ്ഘാടനം പാലാ എ എം. വി. ഐ. എസ്. ശ്രീരാജും, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ഉദ്ഘാടനം പാലാ എസ്. ഐ. ഷാജി സെബാസ്റ്റ്യനും നിർവഹിച്ചു. പരിപാടികൾക്ക് കെ. ഉണ്ണിക്കൃഷ്ണൻ നായർ, എസ്. ശ്രീകുമാരി, ഏഴാച്ചേരി ബാബുരാജ് കെ., പി.ആർ. ഗീത തുടങ്ങിയവർ നേതൃത്വം നൽകി.