ലാത്തിച്ചാർജിൽ മൂന്നു പേർക്ക് പരിക്ക്, പത്തുപേർ അറസ്റ്റിൽ
കോട്ടയം : പി.എസ്.സി റാങ്ക് ലിസ്റ്രിൽ എസ്.എഫ്.ഐക്കാർ കടന്നു കയറിയതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ ചീമുട്ടയെറിഞ്ഞതിനെ തുടർന്നുണ്ടായ ലാത്തിച്ചാർജിൽ മൂന്നു പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ അറസ്റ്റ് ചെയ്‌തു. സംഘർഷത്തിനിടെ ഹൃദയാഘാതമുണ്ടായ യൂത്ത്‌ലീഗ് പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽസെക്രട്ടറി അമീർ ചേനപ്പാടിയെ (32) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഷിഹാബ് കാട്ടാമല, അനീഷ് തലയോലപ്പറമ്പ് എന്നിവർക്കാണ് പരിക്കേറ്റത്. അറസ്റ്റ് ചെയ്‌ത പ്രവർത്തകരും പൊലീസും തമ്മിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനുള്ളിലും സംഘർഷമുണ്ടായി. ലീഗ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമറിയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ പൊലീസിനു നേരെ ചീമുട്ടയെറിയുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തി വീശി. ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ച് പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. യൂത്ത് ലീഗ് ജില്ലപ്രസിഡന്റ് കെ.എ മാഹീൻ, വൈസ് പ്രസിഡന്റ് ഷമീർ വളയംകണ്ടം, സംസ്ഥാന കൗൺസിലംഗങ്ങളായ കെ.എച്ച്. ലത്തീഫ്, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് തലനാട്, നിസാർ തലയോലപ്പറമ്പ്, യഹിയാ സലിം, അനീഷ് തലയോലപ്പറമ്പ്, ഷിഹാബ് കാട്ടാമല, നവാസ്, റമീസ് മുളന്താനം എന്നിവരാണ് അറസ്റ്റിലായത്. മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായിൽ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെബീർ ഷാജഹാൻ, യൂത്ത്‌ലീഗ് ജില്ലപ്രസിഡന്റ് കെ.എ.മാഹിൻ, ജനറൽസെക്രട്ടറി അജികൊറ്റമ്പടം, മുസ്ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറി റെഫീഖ് മണിമല, എം.എസ്.എഫ് ജില്ലപ്രസിഡന്റ് ബിലാൽ റെഷീദ് എന്നിവർ സംസാരിച്ചു.