പാലാ: മിനി സിവിൽ സ്‌റ്റേഷനോ അതോ, ആക്രി സാധനങ്ങൾ തള്ളുന്ന ഡമ്പിംഗ് യാർഡോ....?
പാലാ മിനി സിവിൽ സ്റ്റേഷനിലെത്തുന്ന ആർക്കും ഈ സംശയം തോന്നാം. ഇവിടെ അത്രയ്ക്കുണ്ട് മാലിന്യങ്ങൾ ..... മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ ......! ഇപ്പോൾ മാലിന്യ നിക്ഷേപകേന്ദ്രമാണിവിടം. മിനി സിവിൽ സ്‌റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ ആക്രി സാധനങ്ങളുടേയും ഭക്ഷണപ്ലാസ്റ്റിക് സാധനങ്ങളുടെയും കൂമ്പാരമാണ്. ഒടിഞ്ഞ കമ്പി, പ്ലാസ്റ്റിക് കസേരകൾ, നശിച്ചുപോയ ഫർണിച്ചറുകളുടെ ഭാഗങ്ങൾ മുതലായവ വിവിധ കേന്ദ്രങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്.

വിവിധ സർവീസ് സംഘടനകളുടെ പോസ്റ്ററുകൾ പതിപ്പിച്ച് സിവിൽ സ്‌റ്റേഷന്റെ ഉൾഭാഗത്തെ ഭിത്തികൾ വികൃതമാക്കിയ നിലയിലാണ്. സർവീസ് സംഘടനകളുടെ ചടങ്ങുകൾ കഴിഞ്ഞിട്ടു മാസങ്ങൾ കഴിഞ്ഞ പോസ്റ്ററുകൾ, ബോർഡുകൾ മുതലായവ പലയിടത്തും കൂട്ടി വച്ചിരിക്കുന്നു. എല്ലാ നിലകളിലും സംഘടനാ പോസ്റ്ററുകളും ബോർഡുകളും വച്ച് അലങ്കോലപ്പെടുത്തിയിരിക്കുകയാണ്.

ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചെറിയുന്നതിനാൽ എലി, പാറ്റ തുടങ്ങിയ ജീവികളും ഇവിടെ ഏറെയുണ്ട്. ഈയിടെ എലിയെ പിടിക്കാൻ കെണിവച്ച് മരപ്പട്ടിയെ കിട്ടിയത് ഇലക്ഷൻ ഓഫീസിനുള്ളിൽ നിന്നാണ് ! എലികളെ എന്നും കെണിയിൽ കിട്ടുമെന്ന് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ എലികൾ വരാനുള്ള സാഹചര്യം ഇപ്പോഴും നില നിൽക്കുകയാണ്.

ലിഫ്റ്റിനോട് ചേർന്നുള്ള ഭാഗങ്ങളിൽ പൊട്ടിത്തകർന്ന ഫർണിച്ചറുകളും മറ്റും കൂട്ടി ഇട്ടിരിക്കുകയാണ്. ശുചി മുറികളിലുൾപ്പെടെ മാലിന്യം വലിച്ചു വാരിയിട്ടിട്ടുള്ളതും ആർക്കും കാണാം. ചോദിക്കാനും പറയാനും ആർക്കും സമയമില്ലെന്നു മാത്രം.....

മിനി സിവിൽ സ്‌റ്റേഷനിലെ മാലിന്യങ്ങൾ ഉടൻ മാറ്റി വൃത്തിയാക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.