കോട്ടയം : കെ.എം മാണിയുടെ മരണശേഷം കേരളകോൺഗ്രസ് ആശയങ്ങളുടെ യോജിപ്പ് തുരങ്കംവയ്ക്കാൻ ഒരുവിഭാഗമാളുകൾ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമഗ്ര വികസനവും, അദ്ധ്വാന വർഗസിദ്ധാന്തവും തമ്മിലുള്ള യോജിപ്പായിരുന്നു താനും, മാണിയും നേതൃത്വം കൊടുത്ത ഇരുവിഭാഗം കേരള കോൺഗ്രസുകളുടെയും ലയന ലക്ഷ്യം. സമന്വയത്തിന്റെയും ആശയവിനിമയത്തിന്റെയും അടിത്തറയുള്ള യോജിപ്പിനെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് മുഖ്യപ്രസംഗം നടത്തി. അഡ്വ. ജോയി എബ്രാഹം, മോൻസ് ജോസഫ്, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, വി.ജെ.ലാലി, പ്രസാദ് ഉരുളികുന്നം തുടങ്ങിയവർ പ്രസംഗിച്ചു