കുമാരനല്ലൂർ: പുതുതായി വാങ്ങിയ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. കാവാലം സുഷമാ ഭവനിൽ ഭാഗ്യനാഥന്റെ മകൻ അഖിൽ എസ്. നായർക്കാണ് (19) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലേകാലിന് എം.സി. റോഡിൽ കുമാരനല്ലൂർ ജംഗ്ഷനിലാണ് അപകടം നടന്നത്. ബൈക്കുമായി അഖിൽ നാഗമ്പടം ഭാഗത്തേയ്ക്കു വരികയായിരുന്നു. ഈ സമയം നഗരസഭ സോണൽ ഓഫിസിലേയ്‌ക്ക് എതിർദിശയിൽ നിന്നു വരികയായിരുന്ന ഓട്ടോറിക്ഷ ഓഫിസ് ഭാഗത്തേയ്‌ക്ക് തിരയുന്നതിനിടെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നു. റോഡിലേക്കു തെറിച്ചു വീണ അഖിലിനെ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന്റെ തലയ്‌ക്കേറ്റ പരുക്കേറ്റ് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.