കോട്ടയം: നഗരസഭയുടെ കേസുകൾ വാദിക്കാനായി ലക്ഷങ്ങൾ അഭിഭാഷകർ പ്രതിഫലം വാങ്ങിയിട്ടും കേസ് നിരന്തരമായി തോൽക്കുന്നതായി കൗൺസിൽ യോഗത്തിൽ ആരോപണം. കഴിഞ്ഞ വർഷം നഗരസഭ വിവിധ കോടതികളിൽ വാദിച്ച 207 കേസുകളിൽ ആകെ ജയിച്ചത് 54 എണ്ണത്തിലാണ്..! ഈ ഇനത്തിൽ നഗരസഭ അധികൃതരിൽ നിന്നും അഭിഭാഷകർ വാങ്ങിക്കൂട്ടിയത് ലക്ഷങ്ങളാണ്. 13 ലക്ഷം രൂപയാണ് ഈ 207 കേസുകൾക്ക് വേണ്ടി മാത്രം കോടതിയിൽ ഹാജരാകാൻ വിവിധ അഭിഭാഷകർ സിറ്റിംഗ് ഫീസ് ഇനത്തിൽ വാങ്ങിയതെന്നും കോടതിയിൽ ഹാജരാകാത്ത കേസുകളിൽ പോലും അഭിഭാഷകർ സിറ്റിംഗ് ഫീസ് വാങ്ങുന്നതായും ആരോപണം ഉയർന്നു. നഗരസഭ കൗൺസിൽ യോഗത്തിൽ അഭിഭാഷകരുടെ സിറ്റിംഗ് ഫീസ് വിതരണം ചെയ്യുന്നതു സംബന്ധിച്ചുയർന്ന ച‌ർച്ചയിലാണ് ഇതു സംബന്ധിച്ചുള്ള വിമർശനം ഉയർന്നത്. പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ ഒറ്റക്കെട്ടായി നഗരസഭ നിരന്തരം കേസുകളിൽ പരാജയപ്പെടുന്നതിനെതിരെ രംഗത്ത് എത്തുകയും ചെയ്തു.

ഈരക്കടവിൽ സ്വകാര്യ കൺവെൻഷൻ സെൻററിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിഷയം അന്വേഷണത്തിനായി വിജിലൻസിന് ശുപാർശ ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു. ടൗൺപ്ലാനറടക്കമുള്ള സമിതി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 12 ന്യൂനതകൾ കണ്ടെത്തി നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് പരിഹരിക്കാതെ സർക്കാർ സമ്മർദ്ദം ചെലുത്തി ഫീസടച്ചാണ് അനുമതി വാങ്ങിയതെന്ന് നഗരസഭ അധികൃതർ ആരോപിക്കുന്നു. ഇത് ഹൈക്കോടതിവിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷ അംഗങ്ങളാണ് വിഷയം അവതരിപ്പിച്ചത്. പ്രതിപക്ഷം വിഷയത്തിൽ ഇടപെട്ടതോടെ
ബഹളമായി. ഇതേത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിയിക്ക് രണ്ട് ബസ്‌ബേ അനുവദിക്കണമെന്ന ജില്ല ട്രാൻസ് പോർട്ട് ഓഫീസറുടെ അപേക്ഷ കൗൺസലിൽ ബഹളത്തിന് ഇടയാക്കി. നിലവിൽ വന്ന് പോകുന്ന 600 സ്വകാര്യ ബസുകൾക്ക് ആവശ്യമായ സൗകര്യമില്ല. യാത്രക്കാർക്ക് സുരക്ഷിതത്വത്തോടെ ബസിൽ കയറിയിറങ്ങാനും കഴിയാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി .സി ബസുകൾ കൂടി വന്നാൽ കൂടുതൽ ബുദ്ധിമുണ്ടാകും. അപകടസാദ്ധ്യതയില്ലാതെ യാത്രക്കാർക്ക് വന്ന് പോകാനുള്ള സൗകര്യമാണ് നിലവിൽ സ്റ്റാൻഡിൽ ഒരുേക്കണ്ടതെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.