kob-sabu-jpg

പാലാ : മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പോണാട് കൊടൂർക്കുന്നേൽ എ.കെ. സാബു (മഞ്ജു,45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുവന്താനം കണയങ്കവയൽ എഴുത്തിൽ ജോജോ ജോസഫ് (ജോപ്പൻ,37) പൊലീസ് പിടിയിലായി. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് പാലാ കെ.എസ്.ഇ.ബി ഓഫീസിന് സമീപമുള്ള കടയുടെ അടിനിലയിലുള്ള മുറിയിലാണ് സംഭവം. കല്ല് സംബന്ധിച്ച് പണികൾ നടത്തുന്ന ജോജോ ഇവിടെയാണ് താമസിച്ചിരുന്നത്. ഇറച്ചിക്കറിയിൽ അഴുക്ക് വെള്ളം ചേർത്തെന്നാരോപിച്ചായിരുന്നു സംഘർഷം. വയറിന് മർദനമേറ്റ സാബുവിന്റെ വാരിയെല്ലുകൾ പൊട്ടിയിരുന്നു. പാലാ ജനറലാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, എസ്.ഐ. ജെ.ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.