ചങ്ങനാശേരി : കുറിച്ചി ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം സ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ പുളിമൂട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പരിധിയിൽ പതിനായിരത്തോളം വീടുകളിലായി നാൽപ്പതിനായിരത്തിലധികം ജനങ്ങൾ വസിക്കുന്നുണ്ട്. ഇരുപത്തിരണ്ടിലധികം കോളനികളിലായി രണ്ടുസെന്റ് മുതൽ മൂന്നുസെന്റ് വരെയുള്ള വസ്തുവിൽ വീടുവെച്ച് താമസിക്കുന്നവരാണ് അധികവും. ദളിത് ക്രൈസ്തവരടക്കമുള്ള വിഭാഗങ്ങൾക്ക് കിലോമീറ്ററുകളുടെ ദൂരത്തിൽ വാഴപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളിലാണ് ശ്മശാനങ്ങളുള്ളത്. സ്വന്തം വീട്ടുവളപ്പിൽ സംസ്‌കാരം നടത്തിവരുന്ന ഹൈന്ദവവിഭാഗങ്ങളും സ്ഥലപരിമിധിമൂലം ബുദ്ധിമുട്ടുന്നു. ഇവരെ കൂടാതെ യാതൊരുസമുദായങ്ങളിലും അംഗമാകാത്തവരും മിശ്രവിവാഹിതരും സംസ്‌കാരത്തിന്റെ പേരിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടെന്നും വർഷങ്ങളായുള്ള പൊതുശ്മശാനം എന്ന ആവശ്യത്തിന് കുറിച്ചി ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ പുളിമൂട് യൂണിറ്റ് സമ്മേളനത്തിൽ ഭാരവാഹികളായ വിഷ്ണു ബാബു (പ്രസിഡന്റ്), അലൻ സാം ജോസഫ് (സെക്രട്ടറി) എന്നിവർ ആവശ്യപ്പെട്ടു.