ആലപ്പുഴ: ഇക്കുറി നെഹ്രുട്രോഫ്രി വള്ളംകളിയിൽ മത്സരിക്കുന്നത് 24 ചുണ്ടൻമാർ ഉൾപ്പെടെ 79 വള്ളങ്ങൾ. ചുണ്ടൻ 'എ' ഗ്രേഡ് ഇനത്തിൽ 20 വള്ളങ്ങളും ബിയിൽ 4 വള്ളങ്ങളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചു. 55 ചെറുവള്ളങ്ങളും മാറ്റുരയ്ക്കും. ചുരുളൻ വിഭാഗത്തിൽ നാലു വള്ളങ്ങളും ഇരുട്ടുകുത്തി എ വിഭാഗത്തിൽ നാലും ബി വിഭാഗത്തിൽ 15ഉം സി യിൽ 10 വള്ളങ്ങളുമാണ് മത്സരിക്കുക. രജിസ്റ്റർ ചെയ്ത മറ്റ് കളിവള്ളങ്ങൾ: വെപ്പ് എ ഗ്രേഡ്- 10, വെപ്പ് ബി- 6, തെക്കനോടി (കെട്ട്)-3, തെക്കനോടി (തറ)- 3.
# ലേലം കൊച്ചിയിൽ
ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) ക്ളബ്ബുകളെ സ്പാേൺസർ ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിനുള്ള ലേലം 29 ന് കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടക്കും. ആദ്യമായി നടക്കുന്ന മത്സരമെന്ന നിലയിൽ വാശിയേറിയ ലേലം നടക്കുമെന്നാണ് പ്രതീക്ഷ. വലിയ കമ്പനികൾ ഇതിനായി തയ്യാറെടുക്കുകയാണ്. 1.5 കോടിയിലാണ് ലേലം തുടങ്ങുക. എത്ര കമ്പനികൾ ലേലത്തിൽ പങ്കെടുക്കുമെന്നുള്ളത് തിങ്കളാഴ്ച മാത്രമേ വ്യക്തമാവുകയുള്ളൂ. വള്ളങ്ങൾക്കും തുഴക്കാർക്കും വേണ്ടിവരുന്ന ചെലവ് വഹിക്കുന്നത് സ്പോൺസർമാരായ കമ്പനികളാണ്. ലേലത്തിനു മുമ്പായി, ബോട്ട് ലീഗിൽ മത്സരിക്കാൻ അർഹത നേടിയ ഒൻപത് ക്ളബുകളെപ്പറ്റി സ്പാേൺസർമാർക്ക് മുന്നിൽ വിവരിക്കും. ഒാരോ ക്ളബിന്റെയും പ്രത്യേകത, മുമ്പ് നേടിയിട്ടുള്ള വിജയങ്ങളുടെയും ട്രോഫികളുടെയും ചരിത്രം, പങ്കെടുക്കുന്നവരുടെ എണ്ണം, തുഴച്ചിലിലെ പ്രത്യേകത എന്നിവയെല്ലാം ലേലക്കാർക്ക് മുന്നിൽ നിരത്തും. അതിൻെറ അടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്ന ക്ളബ്ബുകൾക്ക് വലിയ ലേലത്തുക ലഭിക്കും.
# ഹീറ്റ്സ് മുതൽ ആവേശം
നെഹ്രുട്രോഫി വള്ളംകളിയിലെ ആദ്യ രണ്ട് ഹീറ്റ്സിലായി ചാമ്പ്യൻസ് ബോട്ട് ലീഗിലെ 8 വള്ളങ്ങളും മൂന്നാം ഹീറ്റ്സിൽ ഒൻപതാമത്തെ വള്ളവും മത്സരിക്കും. വൈകിട്ട് 4 മുതലാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനൽ. ഏറ്റവും വേഗമേറിയ മൂന്ന് ക്ളബ്ബുകൾക്കു മാത്രമേ അടുത്ത വർഷത്തെ മത്സരത്തിന് നേരിട്ട് യോഗ്യത കിട്ടുകയുള്ളൂ.