കോട്ടയം: ഊടുവഴിയിലൂടെ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിലായി. തമിഴ്നാട്ടിൽ നിന്ന് എത്തിയ ഇവരെ രണ്ടു കിലോ കഞ്ചാവുമായിട്ടാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബോലോറ ജീപ്പും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ‌് പിടിച്ചെടുത്തു. കമ്പിളികണ്ടം ഇരുമലക്കപ്പ് ചങ്ങനാൻ പ്രവീഷ് (37), തങ്കമണി മഠത്തിൻകടവ് പെരിങ്ങരപ്പള്ളിൽ റോയി (43) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയിൽ ഇടുക്കി കമ്പിളികണ്ടത്തുവച്ചാണ് രഹസ്യവിവരത്തെ തുടർന്ന് റോഡിൽ കാത്തുനിന്ന സ്ക്വഷ്യൽ സ്ക്വാഡ് ഇവരെ പിടികൂടിയത്. കമ്പത്തുനിന്ന് ചെക്ക്പോസ്റ്റിനടുത്തുള്ള ഊടുവഴികളിലൂടെ കടത്തികൊണ്ടുവരികയായിരുന്നു ഇവർ. ചന്ദനക്കള്ളക്കടത്ത് കേസിലെ പ്രതിയാണ് പ്രവീഷ് എന്ന് എക്സൈസ് സംഘം പറഞ്ഞു.
ഒരുകിലോ കഞ്ചാവിന് പതിനായിരം രൂപ നിരക്കിലാണ് കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങിയതെന്നും എറണാകുളത്തുള്ള ഇടനിലക്കാർക്ക് 25,000 രൂപ നിരക്കിൽ വിൽക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ എക്സൈസിനോട് പറഞ്ഞു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.