ആലപ്പുഴ: നിയമം കടലാസിലാണ്. ഇതൊന്നും ഭൂമാഫിയയ്ക്ക് ബാധകമല്ല. രാഷ്ട്രീയ സമ്മർദ്ദത്തിന് മുമ്പിൽ സർക്കാർ സംവിധാനങ്ങളും നോക്കുകുത്തിയായതോടെ ജില്ലയിലെ നീർത്തടങ്ങൾ ഓരോന്നായി അപ്രത്യക്ഷമാവുകയാണ്. നീർത്തട സംരക്ഷണ നിയമം ലംഘിച്ചു കൊണ്ട് ജില്ലയിലെ വിവിധ താലൂക്കുകളിൽ നെൽവയലുകളും നീർത്തടങ്ങളും വ്യാപകമായി മണ്ണിട്ട് നികത്തുകയാണ്.

പൊലീസ്‌, റവന്യൂ അധികൃതർ നടപടികളുമായി രംഗത്തുണ്ടെങ്കിലും ഭൂമാഫിയയെ പിടിച്ചുകെട്ടാൻ അവർക്ക് കഴിയുന്നില്ല. അത്രയ്ക്കാണ് അവരുടെ രാഷ്ട്രീയ സ്വാധീനം.വീട് വയ്ക്കാനെന്ന പേരിലാണ് പലരും നിലം നികത്തുന്നത്. ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിൽ

നാട്ടുരാരെ ഭീഷണിപ്പെടുത്തിയാണ് പലയിടത്തും ഭൂമാഫികൾ നിലം നികത്തുന്നത്.

ജില്ലയിൽ പൊതുതോടുകൾ കൈയേറുന്നതും വ്യാപകമാണ്. പ്രത്യേകം ഏജന്റുമാർ കരാർ അടിസ്ഥാനത്തിലാണ് പാടശേഖരങ്ങൾ നികത്തിക്കൊടുക്കുന്നത്.

ബിനാമികളുടെ പേരിൽ അദ്യം നിലം വാങ്ങും. പത്ത് സെന്റിൽ കൂടുതൽ നികത്തുന്നത് നിയമം അനുവദിക്കാത്തതിനാൽ സ്വന്തമായി സ്ഥലമില്ലാത്ത പലരുടെയും പേരിലാണ് വാങ്ങുന്നത്.

പാടം നികത്തി വീട് വച്ചതിന്‌ ശേഷം കൂടിയ വിലയ്ക്ക് കചച്വടം നടത്തുകയാണ് പതിവ്.

കുട്ടനാട്ടിലെ കൃഷി ചെയ്യുന്ന പാടശേഖരങ്ങൾ നികത്തുന്നതിനെതിരെ നിയമം കർശനമാക്കിയതോടെ നാളുകളായി കൃഷിയിറക്കാതെ തരിശ് കിടക്കുന്ന ചില കരപ്പാടങ്ങളാണ് റിയൽ എസ്റ്റേറ്റ് മാഫിയ ഇപ്പോൾ കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാർത്തികപള്ളി, കുമാരപുരം, ചിങ്ങോലി തുടങ്ങിയ പഞ്ചായത്തുകളിൽ ഭൂമാഫിയയുടെ സാന്നിദ്ധ്യം ശക്തമാണ്.

ടൂറിസമെന്ന മറ

ടൂറിസത്തിന്റെ മറവിലാണ് കുട്ടനാട്ടിൽ വയലുകളും നീർച്ചാലുകളും നികത്തുന്നത്. ഇതിന് പ്രദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയുമുണ്ട്. ഹരിപ്പാട് പഞ്ചായത്തിൽ നികത്തിയ നിലം പൂർവ്വ നിലയിലാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ രാഷ്ട്രീയ നേതൃത്വം രംഗത്തെത്തിയത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്. കായംകുളം കായൽ കേന്ദ്രീകരിച്ച് മണൽവാരൽ സംഘങ്ങൾ വീണ്ടും ചുവടുറപ്പിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് കായലിൽ നിന്ന് വള്ളങ്ങളിൽ ശേഖരിച്ച മണൽ ലോറിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ റവന്യു സംഘം പിടികൂടിയിരുന്നു. എന്നാൽ ഉന്നത ഇടപെടലിനെ തുടർന്ന് സംഭവം ഒതുക്കി തീർക്കുകയായിരുന്നു.