ചങ്ങനാശേരി: പേരിൽ ഒന്നാം സ്ഥാനത്താണെങ്കിലും നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കാത്തിരിപ്പു കേന്ദ്രം നേരിടുന്നത് ഒന്നാം നമ്പർ അവഗണന. ആളെ കയറ്റാൻ മത്സരിച്ച് സ്റ്റേഷനിൽ പിടിക്കുന്ന ബസുകൾക്കിടയിപ്പെടാതെ യാത്രക്കാർക്ക് ഒന്ന് കയറി നിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. മഴയുടെ ശക്തി കൂടിയതോടെ ആകെ മരണഭീതിയിലാണ് യാത്രക്കാർ. ദിവസേന നിരവധി ബസുകളാണ് ഈ സ്റ്റാൻഡിൽ നിന്ന് സർവ്വീസ് നടത്തുന്നത്. എന്നാൽ പരിമിതമായ സ്ഥലമാണുള്ളത്. വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത കച്ചവടം പെരുകിയതോടെ ബസുകൾ സ്റ്റാന്റിനുള്ളിൽ നിന്ന് തിരിച്ചിറക്കുകയെന്നത് അത്യന്തം ശ്രമകരമാണ്.
ഇതുമൂലം ബസിറങ്ങുന്ന വാഴുർ റോഡ് മിക്കപ്പോഴും ഗതാഗതകുരുക്കിലാകും.
ചങ്ങനാശേരി ഒന്നാം നമ്പർ ബസ് സ്റ്റാൻഡിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. നിന്നുതിരിയാനിടമില്ലാത്ത ഇവിടെ നിന്ന് ഹൈറേഞ്ചിലേയ്ക്ക് പോലും ബസ് സർവീസ് നടത്തുന്നുണ്ട്. മണിമല, കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം, ഏലപ്പാറ, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് സർവീസുണ്ട്. ചങ്ങനാശേരിയിലെ വിവിധ സ്‌കൂൾ, കോളേജ്, സർക്കാർ ഓഫീസുകളിലും വ്യാപാര കേന്ദ്രങ്ങളിലും എത്തേണ്ടവർ ഒന്നാം നമ്പർ ബസ് സ്റ്റാന്റിനെയാണ് ആശ്രയിക്കുന്നത്.
അടുത്ത കാലത്താണ് ബസ് സ്റ്റേഷൻ നവീകരിച്ചത്. പഴയ വെയിറ്റിംഗ് ഷെഡ് പൊളിച്ചു മാറ്റുമ്പോൾ വ്യാപാര സ്ഥാപനങ്ങളെ അകത്തേയ്ക്ക് മാറ്റുമെന്നായിരുന്ന സ്വകാര്യ ബസ് ഓപ്പറേറ്റിംഗ് അസോസിയേഷന് നഗരസഭ നൽകിയ വാഗ്ദാനം. എന്നാൽ, കടകൾക്ക് വലിപ്പം കൂട്ടുകയും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മാറ്റിപ്പണിയുകയുമാണ് ഉണ്ടായത്. റെയിൽവേ സ്റ്റേഷനു സമീപം സ്ഥലം കണ്ടെത്തി ഹൈറേഞ്ച് മേഖലകളിലേയ്ക്കുള്ള യാത്രക്കാർക്ക് സൗകര്യമൊരുക്കുന്ന രീതിയിൽ ബസ് സ്റ്റാന്റ് പണിയുകയെന്നതാണ് നാട്ടുകാർ നിർദ്ദേശിക്കുന്ന പരിഹാരം. നിലവിലെ ബസ് സ്റ്റാന്റ് ആളെ ഇറക്കാൻ മാത്രമുള്ളതാക്കിയാൽ നഗരത്തിലെ ബൈപാസ് സർവീസുകൾക്ക് തുടക്കമാകുകയും ചെയ്യും. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈറേഞ്ച് ബസ്‌സ്റ്റേഷൻ അതാണ് യാത്രക്കാരുടെ ആവശ്യം.