കോട്ടയം: കേരള കോൺഗ്രസിൽ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തേയും ബാധിച്ചാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ ജോസഫ് വിഭാഗത്തിന്റെ പിന്തുണയും കോൺഗ്രസ് ഉറപ്പാക്കിയേക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി നിർണയത്തിൽ ജോസ് കെ. മാണി വിഭാഗത്തിന്റ സമ്മർദ്ദത്തിന് യു.ഡി.എഫിന് വഴങ്ങേണ്ടിവന്നു. ഇത് ജോസഫ് വിഭാഗത്തിനെ ചൊടിപ്പിക്കുകയും ചെയ്തു. ഈ തർക്കം പാലാ ഉപതിരഞ്ഞെടുപ്പിലും ഉണ്ടായാൽ യു.ഡി.എഫിന് തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാലാണ് ഇരുവിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
എന്നാൽ, ഇക്കാര്യം ഇപ്പോൾ പരസ്യമായി പറയാനോ സ്ഥിരീകരിക്കാനോ കോൺഗ്രസ് നേതൃത്വം തയാറാവുന്നില്ല. പാലാ മണ്ഡലത്തിന് പരിചിതനും പൊതുസമ്മതനുമായ ഒരു നേതാവിനെ കോൺഗ്രസ് കണ്ടെത്തിയതായും സൂചനയുണ്ട്. രാമപുരം സ്വദേശിയായ യുവാവായ നേതാവാണ് ഇതെന്നാണ് പറയപ്പെടുന്നത്. കേരള കോൺഗ്രസിലെ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടാവുകയും കാലുവാരൽ നടക്കുകയും ചെയ്താൽ പാലാ യു.ഡി.എഫിന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. മാത്രമല്ല, ഇരുവിഭാഗങ്ങളും തങ്ങളുടെ സ്ഥാനാർത്ഥികളെ നിറുത്തിയാൽ അതും വെല്ലുവിളിയാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് കോൺഗ്രസ് ശ്രമം.
കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ ഒരുപക്ഷേ, ജോസഫ് വിഭാഗത്തിൽ നിന്ന് എതിർപ്പുണ്ടാവില്ലെന്നാണ് സൂചന. മാത്രമല്ല, ജോസഫ് വിഭാഗത്തെക്കൂടി അനുനയിപ്പിച്ചാവും ഇത്തരമൊരു നീക്കത്തിന് കോൺഗ്രസ് തയാറെടുക്കുക. അതേസമയം, കെ.എം.മാണി അര നൂറ്റാണ്ടിലധികം വിജയിച്ച പാലാ മണ്ഡലം വിട്ടുകൊടുക്കാൻ ഒരു കാരണവശാലും ജോസ് വിഭാഗം തയാറാവില്ല. അങ്ങനെ വന്നാൽ, ജോസഫ് വിഭാഗവും മണ്ഡലത്തിനായി അവകാശവാദം ഉന്നയിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുറിവേറ്റ ജോസഫ് വിഭാഗം അതിൽ നിന്ന് പിന്നോട്ട് പോകാനും ഇടയില്ല. ജോസഫ് ഗ്രൂപ്പിന് തരക്കേടില്ലാത്ത വോട്ടുകൾ പാലാ മണ്ഡലത്തിലുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇനി പതിനഞ്ച് മാസക്കാലത്തേക്കേ ഉള്ളൂ. ഇപ്പോഴത്തെ അവസരം ജോസ് വിഭാഗം ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുത്തിരുന്നുവെങ്കിൽ പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി മോഹത്തിന് മുനയൊടിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഒരേ മുന്നണിയിലിരുന്ന് ജോസ്, ജോസഫ് വിഭാഗം പരസ്‌പരം പോരടിക്കുന്നത് യു.ഡി.എഫിന് നാണക്കേടായി മാറിക്കഴിഞ്ഞു. തന്നെയുമല്ല, യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ഇത് ബാധിക്കുകയും ചെയ്തിട്ടുണ്ട്.
കേരള കോൺഗ്രസിന് അർഹതപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സമവായത്തിലൂടെ പരിഹരിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും ജോസ് വിഭാഗത്തിന്റെ പിടിവാശിയെ തുടർന്നാണ് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നത്. യു.ഡി.എഫ് വിടുമെന്ന ഭീഷണിയും ജോസ് വിഭാഗം ചർച്ചയ്ക്കിടയിൽ മുഴക്കിയെന്നാണ് പറയപ്പെടുന്നത്. ഇതാണ് കോൺഗ്രസിനെ കൂടുതൽ ചൊടിപ്പിച്ചത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യു.ഡി.എഫിന് ഉപതിരഞ്ഞെടുപ്പുകളിലും അത് നിലനിറുത്താനായില്ലെങ്കിൽ തിരിച്ചടിയാവും. ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നഷ്ടപ്പെടരുതെന്ന രീതിയിലാണ് യു.ഡി.എഫ് കാര്യങ്ങൾ നീക്കുന്നത്. അതിനിടയിൽ രണ്ടായി നിൽക്കുന്ന കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പാലാ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് യു.ഡി.എഫ് ശ്രമം. അതിന്റെ ഭാഗമായുള്ള കരുക്കൾ നീക്കലാണ് ഇപ്പോൾ നടക്കുന്നത്