veedu

ചങ്ങനാശേരി: ഇനിയൊരു ശക്തമായ കാറ്റും മഴയും ഉണ്ടായാൽ...! പിടിശേരിമലയിൽ അമ്മിണി എബ്രഹാമിനും പുത്തൻപറമ്പിൽ മോഹൻകുമാറിനും അത് ചിന്തിക്കാൻ തന്നെ ഭയമാണ്. അപകടാവസ്ഥയിലായ തങ്ങളുടെ ഭവനങ്ങളിൽ ആശങ്കയോടെയാണ് 15ൽ കോളനിയിലെ ഈ രണ്ടു കുടുംബങ്ങൾ ഓരോ ദിവസവും തള്ളി നീക്കുന്നത്. ഒരായുഷ്‌ക്കാലം മുഴുവൻ സമ്പാദിച്ച വീടും പുരയിടവുമാണ് കഴിഞ്ഞ മഴയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ അപകടാവസ്ഥയിലായത്. വാകത്താനം പഞ്ചായത്തിലെ 11- വാർഡിലാണ് 15ൽ കോളനി സ്ഥിതി ചെയ്യുന്നത്. ചെറിയ മഴ പോലും ഇവരുടെ വീടുകൾക്ക് അതിജീവിക്കാനാവുമോ എന്നതും സംശയമാണ്. ഇതിന് മുമ്പും മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും നടപടികൾ മാത്രം ഉണ്ടായില്ല. പഞ്ചായത്ത് അധികൃതർക്കും
കളക്ടർക്കും, തഹസിൽദാർക്കും ഇവ‌ർ പരാതി നൽകിയിരുന്നു. മൂന്ന് വർഷത്തിന് മുമ്പ് അമ്മിണിയുടെ ഭർത്താവ് മരിച്ചുപോയിരുന്നു. ഏകമകളുടെ വിവാഹത്തിന്ശേഷം അമ്മിണി ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീടിന്റെ അപകടാവസ്ഥ മൂലം പകൽ സമയങ്ങളിൽ മാത്രം ഇവിടെ ചെലവഴിക്കുന്ന ഇവർ രാത്രിയിൽ സമീപത്തെ വീടുകളിലാണ് ഉറങ്ങുന്നത്. അയൽവാസിയായ മോഹനന്റെ വീടും അതീവ അപകടാവസ്ഥയിലാണ്.