വൈക്കം: സ്ഥലമെടുപ്പിന്റെ കുരുക്ക് അഴിയുന്നില്ല. നേരേകടവ് - മാക്കേക്കടവ് പാലം നിർമ്മാണം ഇഴയുന്നു. തുറവൂർപമ്പ ഹൈവേയുടെ ഭാഗമായുള്ള നേരേകടവ് - മാക്കേക്കടവ് പാലത്തിന്റെ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ്. ഈ ഗവൺമെന്റ് അധികാരമേറ്റെടുത്ത് വൈകാതെ തന്നെ നിർമ്മാണം തുടങ്ങി. 800 മീറ്റർ നീളത്തിലും നടപ്പാതയടക്കം 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. 22 സ്പാനുകളുണ്ട്. അതിൽ മദ്ധ്യഭാഗത്തെ 47 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. 35 മീറ്റർ നീളമുള്ള 20 സ്പാനുകളാണ് ബാക്കിയുള്ളത്. പയലുകളും പിയറുകളും പിയർ ക്യാപുകളും ഇനിയും പൂർത്തിയാകാനുണ്ട്. 100 കോടിരൂപ മുടക്കിയുള്ള പാലം നിർമ്മാണം ഒരു വർഷമായി നിലച്ച മട്ടാണ്. സ്ഥലമെടുപ്പ് നടപടികളിലെ കുരുക്കുകളാണ് പാലം നിർമ്മാണത്തിന് തടസമാകുന്നത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരും സ്ഥലം ഉടമകളും സമവായത്തിലെത്തിയില്ല. പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം വസ്തു ഉടമകളുമായി ധാരണയിൽ വിലയ്‌ക്കെടുക്കാമെന്ന് കരുതിയാണ് നിർമ്മാണം തുടങ്ങിയത്. അത് ഒടുവിൽ ഏറ്റെടുക്കലിലേക്ക് വഴി മാറുകയായിരുന്നു. സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹിക ആഘാത പഠനം നടന്ന് വരികയാണ്. പാലത്തിന്റെ അലൈൻമെന്റിലെ ചെറിയ വ്യത്യാസവും പരിഗണിക്കണം. മാക്കേകടവിൽ എട്ട് സർവേ നമ്പറുകളിലായി 12.28ആർ സ്ഥലവും നേരേകടവിൽ മൂന്ന് സർവ്വേ നമ്പരുകളിലായി 8.725ആർ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. 4.3 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
കായലിന് നടുവിൽ മാത്രമാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. പാലം വാർക്കണമെങ്കിൽ കരയിൽ സ്ഥലം വേണം. പാലത്തിന് ആകെ 22 സ്പാനുകളാണ് വേണ്ടത്. ഇതിൽ 20 സ്പാനുകൾക്കുള്ള 80 ബീമുകൾ കരയിലാണ് വാർക്കുന്നത്. അതിനും സ്ഥലം കരയിൽ വേണം. അതിന് സ്ഥലമേറ്റടുക്കൽ നടപടികൾ പൂർത്തിയാകണം.
മാക്കേക്കടവ് - നേരേകടവ് പാലം ഉടൻ പൂർത്തിയാക്കണം
മാക്കേകടവ് - നേരേകടവ് പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (എം) പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുന്നു. വൈക്കം എറണാകുളം റോഡ് ഉപരോധിച്ച് സമരത്തിന്റെ ഒന്നാം ഘട്ടം ആരംഭിക്കും. തുടർന്ന് സമരങ്ങൾ ഉണ്ടാകും. ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനമാകുന്നതും തുറവൂർ - പമ്പ റോഡ് യാഥാർത്ഥ്യമാകുന്നതിനും ഈ പാലത്തിന്റെ പണി തീരേണ്ടതുണ്ട്. പാതി പണി കഴിഞ്ഞ് കിടക്കുന്ന പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ച് എത്രയും വേഗം ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് പാർട്ടി നിയോജക മണ്ഡലം ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതിയംഗം ഇ.ജെ.അഗസ്റ്റി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു.
മാധവൻകുട്ടി കറുകയിൽ
(കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ്)
വൈക്കത്തിന്റെ വികസനത്തിലും ഗതാഗത രംഗത്തും വൻ മുന്നേറ്റമാണ് തുറവൂർ - പമ്പ ഹൈവേയുടെ ഭാഗമായ നേരേകടവ് - മാക്കേക്കടവ്പാലം പൂർത്തിയായാൽ ഉണ്ടാവുക. ഇതുപോലൊരു സംരംഭം നിസ്സാരമായ സാങ്കേതിക കാരണങ്ങളുടെ പേരിൽ നിറുത്തിവയ്ക്കുന്നത് ജനങ്ങളോടുള്ള ദ്രോഹമാണ്. മാണി സാർ ധനകാര്യ മന്ത്രിയായിരുന്നപ്പോൾ പാലത്തിന്റെ നിർമ്മാണത്തിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു. പാലം പണി അടിയന്തിരമായി പുനരാരംഭിക്കണം. സമയബന്ധിതമായി പൂർത്തിയാക്കണം.
പാലം
* . 800 മീറ്റർ നീളം 11 മീറ്റർ വീതി
* 100 കോടിരൂപ മുടക്കി പാലം നിർമ്മാണം തുടങ്ങിയിട്ട് ഒരു വർഷം
സ്ഥലം
12.28ആർ സ്ഥലവും നേരേകടവിൽ മൂന്ന് സർവ്വേ നമ്പരുകളിലായി 8.725ആർ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. 4.3 കോടി രൂപ അനുവദിച്ചു.
സ്പാനുകൾ
* 22 സ്പാനുകളിൽ 47 മീറ്റർ നീളത്തിലുള്ള 2 എണ്ണം പൂർത്തിയാക്കി. 35 മീറ്റർ നീളമുള്ള 20 സ്പാനുകൾ പൂർത്തിയാകൻ ഉണ്ട്.