കോട്ടയം : ശ്രീനാരായണ ഗുരുവിന്റെ അമൂല്യ രചനകളും അവയുടെ സമ്പൂർണ വ്യാഖ്യാനവും ഡി.സി ബുക്സ് വായനക്കാരിലെത്തിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ മുഴുവൻ കൃതികളും മലയാളത്തിൽ ആദ്യമായാണ് സമഗ്രമായി വ്യാഖ്യാനം ചെയ്ത് പുറത്തിറക്കുന്നത്. ഗുരുവിന്റെ ദാർശനിക കൃതികൾ സ്തോത്ര കൃതികൾ, സാരോപദേശ കൃതികൾ, ഗദ്യകൃതികൾ, തർജ്ജിമ തുടങ്ങി വിവിധ വിഭാഗത്തിലുള്ള 63 കൃതികളാണ് 3 വാല്യങ്ങളിൽ 3000 പേജുകളിലായി പ്രസിദ്ധപ്പെടുത്തുന്നത്.

നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അധിപനും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യപാരമ്പര്യത്തിൽപ്പെട്ടതുമായ മുനിനാരായണ പ്രസാദാണ് വ്യാഖ്യാനം നൽകിയിട്ടുള്ളത്. പ്രീപബ്ലിക്കേഷൻ പദ്ധതിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. ശ്രീനാരായണഗുരു കൃതികൾക്ക് സാംസ്കാരിക സമൂഹം വൻ സ്വീകരണമാണ് നൽകിയിരിക്കുന്നത്. വിശ്വദാർശനികനായ ഗുരുവിനെ സുഗ്രഹമായി അറിയാൻ സഹായിക്കുന്ന വ്യാഖ്യാനമാണ് മുനിനാരായണ പ്രസാദ് നിർവഹിച്ചിട്ടുള്ളതെന്ന് കവി മധുസൂദനൻ നായർ പറഞ്ഞു. ഇന്നത്തെ യുവത്വത്തിന് നാരായണഗുരുവിനെ അടുത്തറിയാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. മനുഷ്യവിമോചനത്തിനു വേണ്ടിയുള്ള നവാദ്വൈതമാണ് നാരായണഗുരു പകർന്നു തരുന്നതെന്ന് നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. മുകേഷ്.എം.എൽ.എ, ജി.എസ്. പ്രദീപ്, സ്വാമി ഋതംബരാനന്ദ തുടങ്ങിയവരും മികച്ച അഭിപ്രായങ്ങൾ പങ്കുവച്ചു. 3500 രൂപ മുഖവിലയുള്ള ശ്രീനാരായണഗുരു സമ്പൂർണ കൃതികൾ ഇപ്പോൾ പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ 1999 രൂപ അടച്ച് ബുക്ക് ചെയ്യാം. തവണകളായും അടയ്ക്കാവുന്നതാണ്. കേരളത്തിലുടനീളമുള്ള ഡി.സി / കറന്റ് ബുക്സ് ശാഖകളിലും ഏജൻസികളിലും ബുക്ക് ചെയ്യാം. എസ്.എൻ.ഡി.പി യോഗം ശാഖകൾക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. ഈ സൗജന്യം ആദ്യം രജിസ്റ്റർ ചെയ്യുന്ന പതിനായിരം പേർക്കാണ്. ബുക്കിംഗിന് : 9947055000, 9946109101.