പൊൻകുന്നം: ബസുകൾക്ക് അന്തിയുറങ്ങാൻ ഒരിടം മാത്രമായി പ്രവർത്തിച്ചുവരുന്ന കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിൽ ബസ് സ്റ്റാൻഡ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മികച്ച വരുമാനവുമായി മാതൃകാഡിപ്പോ എന്ന വിശേഷണത്തിലറിയപ്പെടുന്ന പൊൻകുന്നം ഡിപ്പോയ്ക്ക് യാത്രക്കാരുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. യാത്രക്കാരാരും ഇങ്ങോട്ട് വരാറില്ല.വന്നിട്ട് കാര്യവുമില്ല. എല്ലാദിവസവും ഓഫീസർമാരും മറ്റു ജീവനക്കാരും എത്തും. ഡ്രൈവർമാരും കണ്ടക്ടർമാരും വന്ന് ഓരോ റൂട്ടിലേക്കുള്ള ബസുകളുമായി പോകും. എന്നാൽ യാത്രക്കാർക്ക് ഇവിടേക്ക് പ്രവേശനമില്ല. ഇവിടെനിന്നും യാത്രക്കാരെ ബസിൽ കയറ്റാറുമില്ല. പൊൻകുന്നം വഴി കടന്നുപോകുന്ന ബസുകൾ ആവശ്യമെങ്കിൽ ഡീസലടിക്കാൻമാത്രമാണ് ഡിപ്പോയിലെത്തുന്നത്. ദേശീയപാതയിലൂടെയെത്തുന്ന ബസുകൾ പി.പി.റോഡിലുള്ള ബസ് സ്റ്റാൻഡിൽ എത്താൻ കറങ്ങിത്തിരിയണമെന്ന കാരണം പറഞ്ഞാണ് സ്റ്റാൻഡ് നിറുത്തലാക്കിയത്. ദേശീയപാതയിൽനിന്നും നൂറുമീറ്റർ റോഡ് നിർമ്മിച്ചാൽ ഈ കറക്കം ഒഴിവാക്കാം.അതിനൊന്നും ആരും തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കിഴക്കൻകേരളത്തിലെ ആദ്യത്തെ കെ.എസ്.ആർ.ടി.സി. ഡിപ്പോയായ പൊൻകുന്നത്ത് ബസ് സ്റ്റാൻ‌് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
40 വർഷം മുമ്പ് തുടങ്ങിയ ഡിപ്പോ
അന്ന് ബസ് സ്റ്റാൻഡും വെയിറ്റിംഗ് ഷെഡും,യാത്രക്കാർക്കാവശ്യമായ അനുബന്ധസൗകര്യങ്ങളും ,കാന്റീനും എല്ലാം ഉണ്ടായിരുന്നു. സ്റ്റാൻഡ് നിറയെ യാത്രക്കാരും ബസ്സുകളും ആകെക്കൂടി ഒരു ബഹളം.ഇന്നതെല്ലാം ഓർമ്മ മാത്രം.