കോട്ടയം : ഹോട്ടലുകളിലെ അടുക്കളയും ജീവനക്കാരുടെ പെരുമാറ്റവും 'വൃത്തിയാക്കാൻ' പഠന ക്ലാസുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. 25 ജീവനക്കാരിൽ അധികം ജോലി ചെയ്യുന്ന ജില്ലയിലെ ഹോട്ടലുകളിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഫോസ്റ്റാക്ക് ഏകദിന പരിശീലന പരിപാടി"ക്ക് ആഗസ്റ്റിൽ തുടക്കമാകും. കേന്ദ്ര സർക്കാർ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ ആക്ടിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 27 ന് റെയിൽവേ സ്റ്റേഷനു സമീപം ഹോട്ടൽ മാലിയിലാണ് ആദ്യ പരിശീലന സെഷൻ. ജില്ലയിലെ വിവിധ ഹോട്ടലുകളിലെ 45 ജീവനക്കാർ പങ്കെടുക്കും. ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടന്റ് സർവീസിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിശീലനം. തുടർന്ന് പരീക്ഷയുമുണ്ട്. പങ്കെടുക്കുന്നവർക്ക് ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ നൽകും. ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർ പി.ഉണ്ണികൃഷ്‌ണൻ നായർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ്കുട്ടി അദ്ധ്യക്ഷത വഹിക്കും.

പരിശീലന വിഷയങ്ങൾ

ഹോട്ടലിൽ എത്തുന്നവരോടുള്ള പെരുമാറ്റം
പച്ചക്കറി - മത്സ്യ - മാംസ സംസ്‌കരണം
ഹോട്ടലിലെ സ്റ്റോർ പരിപാലനം
ശീതീകരണികളുടെ ഉപയോഗം
വസ്തുക്കളുടെ ക്രമീകരണം
ജീവനക്കാരുടെ ആരോഗ്യം ശുചിത്വം
ഹെൽത്ത് കാർഡ് ഉപയോഗം

ഹോട്ടലുകൾ 1300

അസോസിയേഷൻ അംഗങ്ങൾ 800

തൊഴിലാളികൾ 10,000

പരാതി രഹിത ഹോട്ടലുകൾ ലക്ഷ്യം

ജില്ലയിലെ ഹോട്ടലുകളെപ്പറ്റിയുള്ള പരാതികൾ പൂർണമായും ഇല്ലാതാക്കുകയാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. തൊഴിലാളികളെയും ഉടമകളെയും ഉന്നത നിലവാരത്തിലേയ്‌ക്ക് ഉയർത്തും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇതിനായി പൂർണ പിന്തുണ നൽകും.

എൻ.പ്രതീഷ്, ജില്ലാ പ്രസിഡന്റ്

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ