wating-shed

കടുത്തുരുത്തി : മാർക്കറ്റ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് രാത്രി കാലങ്ങളിൽ ബസ് കയറണമെങ്കിൽ യാത്രക്കാ‌ർ കൈയ്യിൽ വെളിച്ചം കരുതണം. അഡ്വ. മോൻസ് ജോസഫ് എം. എൽ . എ യുടെ 2015 - 2016 വർഷത്തെ വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച കാത്തിരിപ്പുകേന്ദ്രത്തിനാണ് ഈ ദുർവിധി. ഇതു മൂലം ഏറെ വലയുന്നത് രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളാണ്. ഇരുളടഞ്ഞ കാത്തിരിപ്പു കേന്ദ്രത്തിൽ വിളക്കുകൾ സ്ഥാപിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ല. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളുടെ വെളിച്ചമാണ് ഇവിടെ ഏക ആശ്രയം. എങ്കിലും അവ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് എത്താറുമില്ല. ഇവിടെ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണമെന്ന ഏറെ നാളുകളായുള്ള യാത്രക്കാരുടെ ആവശ്യവും ഇതുവരെ അധികൃതർ ചെവിക്കൊണ്ടിട്ടില്ല. ജോലി കഴിഞ്ഞും മറ്റ് ആവശ്യങ്ങൾ കഴിഞ്ഞും രാത്രികാലങ്ങളിൽ എത്തുന്ന സ്ത്രീകളും കുട്ടികളും ഭയത്തോടെയാണ് നിൽക്കേണ്ടി വരുന്നത്. അധികൃതർ വിളക്കു സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ട്

സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളുടെ വെളിച്ചം ഏക ആശ്രയം