കോട്ടയം : മണർകാട് സ്റ്റേഷനിൽ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പുതുപ്പള്ളി മഠത്തിൽപ്പടി മാളിയേക്കൽ ദിലീപ് (19) നായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സ്വർണാഭരണം മോഷ്‌ടിച്ച കേസിലാണ് ദിലീപിനെ കസ്റ്റഡിയിൽ എടുത്തത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം സ്റ്റേഷനിലേയ്‌ക്ക് തിരികെ എത്തിക്കുന്നതിനിടെ പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്‌ച അന്വേഷിക്കാൻ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനെയും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പാർത്ഥസാരഥി പിള്ളയെയും ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബു അറിയിച്ചു. വിലങ്ങ് കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ പൊലീസുകാരൻ ഫെർണാണ്ടസ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദിലീപിനായി പുതുപ്പള്ളി, മണർകാട്, പയ്യപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പൊലീസിന് വീഴ്‌ചയെന്ന് റിപ്പോർട്ട്
പ്രതിയെ കസ്റ്റഡിയിൽ എടുത്തപ്പോൾ മതിയായ ബന്തവസ് ഒരുക്കുന്നതിന് പൊലീസിന് വീഴ്‌ച സംഭവിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. വൈദ്യപരിശോധനയ്‌ക്ക് രണ്ടുപൊലീസുകാരാണ് പ്രതിയുമായി പോയത്. തിരികെ എത്തിയപ്പോൾ പ്രതിയ്‌ക്കുള്ള ഭക്ഷണവും ഒരാളുടെ കൈവശമുണ്ടായിരുന്നു. സ്റ്റേഷനിലേയ്‌ക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് പ്രതി എതിർവശത്തെ ചതുപ്പിലൂടെ രക്ഷപ്പെട്ടത്. കെ.കെ റോഡിലൂടെ ഓട്ടോറിക്ഷ എത്തിയതിനാൽ പ്രതിയെ പിന്തുടരാനായില്ലെന്നും റിപ്പോർട്ടിലുണ്ട്.
ദിലീപ് സ്ഥിരം കുറ്റവാളി
പതിനഞ്ചാം വയസിൽ പീഡനക്കേസിൽ കുടുങ്ങി അകത്തായ ദിലീപ് പുറത്തിറങ്ങിയത് കൊടും ക്രിമിനലായിട്ടാണ്. തുടർന്ന് മറ്റൊരു പീഡനക്കേസിലും, മൂന്നു മോഷണക്കേസിലും പിടിയിലായി.