കോട്ടയം : കേരളത്തിന്റെ സ്വന്തം നേന്ത്രപ്പഴത്തെ ബഹുദൂരം പിന്തള്ളി മറുനാടൻ പഴങ്ങളുടെ വില കുതിച്ചുയരുന്നു. ഒരുമാസത്തിനിടെ അമ്പത് ശതമാനത്തിലേറെ വിലയുയർന്ന ഞാലിപ്പൂവനാണ് (രസകദളി) വിപണിയിലെ രാജാവ്. ജൂൺ ആദ്യവാരം 55 രൂപയായിരുന്ന ഞാലിപ്പൂവന് ഇന്നലെ 80 രൂപയായി. അതേസമയം നേന്ത്രപ്പഴത്തിന്റെ വില 70 ൽ നിന്ന് 30 രൂപയിലേക്ക് കൂപ്പുകുത്തി. ചെറുപഴങ്ങളുടെ പട്ടികയിൽ ഞാലിപ്പൂവൻ കഴിഞ്ഞാൽ മലയാളി പരിഗണിക്കുന്ന പാളയംകോടനും റോബസ്റ്റയും വിലയുടെ കാര്യത്തിൽ ഏത്തപ്പഴത്തിനൊപ്പമാണ്. തമിഴ്നാട്ടിലെ ചുഴലിക്കാറ്റും ഉത്തരേന്ത്യയിലെ പ്രളയവുമാണ് കേരളത്തിലെ വാഴപ്പഴ വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. വയനാട്ടിലെ ഏത്തക്കുലകളാണ് ഈ സീസണിൽ രാജ്യത്തെ പ്രധാന വിപണിയിലെല്ലാം എത്തുന്നത്. ദിവസം ശരാശരി 20 ലോഡ് ഏത്തക്കുലകളാണ് കേരളത്തിൽ നിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. പ്റളയത്തെത്തുടർന്ന് കയറ്റുമതി പൂർണമായും നിലച്ചതോടെയാണ് വിലയിടിച്ചിലുണ്ടായത്.
അടുത്തമാസം വില കുറയും
'ഞാലിപ്പൂവൻ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, പാളയംകോടൻ -പുതുകോട്ട, റോബസ്റ്റ കമ്പം മാർക്കറ്റുകളിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്. മേട്ടുപ്പാളയത്ത് വിളവെടുപ്പ് തുടങ്ങുന്നതേയുള്ളു. അടുത്തമാസം പകുതിയോടെ വിളവെടുപ്പ് ശക്തമാകും. അതോടെ ഞാലിപ്പൂവന്റെ വില കുറയുമെങ്കിലും പാളയംകോടനും റോബസ്റ്റയും ഇതേ നിലയിൽ തുടരാനാണ് സാദ്ധ്യത. അതേസമയം ഉത്തരേന്ത്യയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതോടെ ഏത്തക്കുല വില വർദ്ധിക്കും'
സുരേഷ്, പഴം പച്ചക്കറി വ്യാപാരി കോട്ടയം
കോട്ടയം മാർക്കറ്റിൽ ഇന്നലത്തെ വില
ഞാലിപ്പൂവൻ 74-80
ഏത്തൻ 30-40
പാളയംതോടൻ 32-35
റോബസറ്റ 27-30
ഹോർട്ടികോർപ്പ് വില
ഞാലിപ്പൂവൻ 75
ഏത്തപ്പഴം 51
പാളയംതോടൻ 42
റോബസ്റ്റ 25
പൂവൻ 42