കോട്ടയം: നഗരമദ്ധ്യത്തിൽ കാർ യാത്രക്കാരനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഗതാഗത നിയമം ലംഘിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ടാമത്തെ സ്വകാര്യ ബസിനെതിരെയും മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. പുതുപ്പള്ളി പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സിന്ധു എന്ന ബസിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചത്. കഞ്ഞിക്കുഴി സ്വദേശിയുടെ കാറിൽ മനപൂർവം ബസ് ഇടിപ്പിച്ച സോണി ബസ് വെള്ളിയാഴ്‌ച മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 10.45ന് ബസേലിയസ് കോളേജിനു മുന്നിലെ സിഗ്നൽ ലൈറ്റിലായിരുന്നു സംഭവം. കഞ്ഞിക്കുഴിയിൽ നിന്നും നഗരത്തിലേയ്‌ക്ക് വരികയായിരുന്ന യുവാവ് സഞ്ചരിച്ച കാറിൽ സോണീസ് ബസ് മനപൂർവം ഇടിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ബസേലിയസ് കോളേജിനു മുന്നിലെ സിഗ്നൽ ലൈറ്റിൽ സിഗ്നൽ കാത്ത് നിറുത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഈ സമയം പിന്നിൽ സോണിസ് ബസും എത്തി. ഇതിനിടെ ലെയിൻ തെറ്റിച്ച് പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സിന്ധു ബസ് കയറിയെത്തുകയായിരുന്നു. ഇതേ തുടർന്ന് കെ.കെ റോഡിൽ ഗതാഗത തടസമുണ്ടായി. ഇതോടെ കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ട് സോണീസ് ബസ് ഹോൺ മുഴക്കുകയും, മുന്നോട്ട് എടുത്ത ശേഷം കാറിന്റെ പിന്നിൽ ഇടിക്കുകയും ചെയ്‌തു. ഇതോടെ കാർ നിർത്തിയ ശേഷം യാത്രക്കാരൻ പുറത്തിറങ്ങി. യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ ബസ് ജീവനക്കാർ, വണ്ടിയിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സോണി പിടിച്ചെടുത്തത്. സോണിയുടെ കണ്ടക്ടറും ഡ്രൈവറും നേരിട്ട് ഹാജരാകണമെന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ ബസായ സിന്ധുവിനെതിരെയും നടപടി ആരംഭിച്ചത്.