കോട്ടയത്തെ സ്വകാര്യ ബസ് ജീവനക്കാർക്ക് എന്തുമാകാം. മുന്നിൽ കിടക്കുന്ന വാഹനം സിഗ്നൽലൈറ്റ് നോക്കി കിടന്നാലും പെട്ടെന്ന് മുന്നിൽ കടക്കാൻ മനപൂർവ്വം ഇടിപ്പിക്കും. വാഹനമോടിക്കുന്നവരോട് തട്ടിക്കയറും .സ്കൂൾ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ താത്പര്യമില്ല ,കയറ്റിയാലും തോന്നുന്നിടത്ത് ഇറക്കും. ആരെങ്കിലും പ്രതികരിച്ചാൽ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും ചിലപ്പോൾ കരണത്ത് അടിയും കിട്ടും.
ഇങ്ങനെയുള്ള ജീവനക്കാരെ നിയന്ത്രിക്കാൻ നട്ടെല്ലുള്ള ഒരുത്തനും ഇവിടില്ലേയെന്നാണ് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത് .
പൊലീസ് എയ്ഡ്പോസ്റ്റ് സ്റ്റാൻഡുകളിലുണ്ടെങ്കിലും ആരുടെയെങ്കിലും ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാലും അവർ അറിയില്ല . സ്റ്റാൻഡുകൾക്ക് പുറത്ത് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചാൽ സ്റ്റാൻഡിലേക്ക് കയറിയിറങ്ങുന്ന ബസുകൾ കാണുന്നതിനപ്പുറം സ്റ്റാൻഡിനുള്ളിൽ എന്തു നടക്കുന്നുവെന്ന് എങ്ങനെ മനസിലാക്കും.
സി.സി.ടി.വി കാമറ അത്യാവശ്യമാണെങ്കിലും സ്വകാര്യ സ്റ്റാൻഡിലോ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലോ പേരിന് ഒരെണ്ണം പോലുമില്ലെന്ന് പറയാം.പിന്നെങ്ങനെ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ അറിയും .കുറ്റവാളികളെ കണ്ടു പിടിക്കും?
റോഡുകൾ സ്വകാര്യ സ്വത്തായി എഴുതി കിട്ടിയപോലാണ് പലരുടെയും പെരുമാറ്റം. ഇടംവലം നോക്കാതെ ബസുകൾ വീശിയെടുക്കും. ജീവൻ വേണമെങ്കിൽ മറ്റുള്ളവർ മാറിക്കൊടുക്കണം. സീബ്രലൈൻ എന്തിനെന്ന് തിരിച്ചറിവില്ലാതെയാണ് കാൽനടയാത്രക്കാരോടുള്ള പെരുമാറ്റം .സീബ്രലൈനിൽ വഴിയാത്രക്കാരുണ്ടെങ്കിൽ വരയ്ക്കു മുമ്പ് മറ്റു വാഹനങ്ങൾ നിറുത്തണമെന്നാണ് നിയമം. ഇത് പാലിക്കുന്ന ഒരു ഡ്രൈവർ പോലുമുണ്ടെന്ന് തോന്നുന്നില്ല .
വണ്ടി ഇടിച്ച് ആരെങ്കിലും ചത്താൽ നാട്ടുകാർ കൈവയ്ക്കുമെന്നുറപ്പായും അറിയാവുന്ന ഡ്രൈവറും കണ്ടക്ടറും വണ്ടി നടുറോഡിലിട്ട് ഗതാഗതകുരുക്ക് ഉണ്ടാക്കി മുങ്ങും. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായാൽ മനപൂർവമല്ലാത്ത നരഹത്യയുടെ പേരിൽ മാത്രമാകും കേസ് . പുല്ലുപോലെ ജാമ്യത്തിലിറങ്ങും. പൗരബോധമുള്ള ചില ജഡ്ജിമാർ മാത്രം ജാമ്യം നൽകാതെ റിമാൻഡ് ചെയ്യും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും . ഇങ്ങനെ ചെയ്യുന്നവർ വിരലിലെണ്ണാൻ മാത്രമാണ്. ട്രാഫിക് നിയമമനുസരിച്ച് ശിക്ഷയ്ക്ക് ഒരു കുറവുമില്ല .പക്ഷേ ആരും ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രം.പിന്നെങ്ങനെ നിയമത്തെ പേടിക്കും. ?
സാമൂഹ്യ മാദ്ധ്യമങ്ങൾ ശക്തമായതോടെ ബസ് ജീവനക്കാരുടെ ധാർഷ്ട്യവും കൊള്ളരുതായ്മകളും മൊബൈലിൽ ആരെങ്കിലും പിടിക്കുന്നതിനാൽ തെളിവായി പുറത്തു വരുന്നുണ്ട്. ഇത് വൈറലാകുമ്പോഴാണ് അധികൃതർ ഒന്ന് അനങ്ങുന്നത് തന്നെ. അല്ലെങ്കിൽ കരിങ്കല്ലിന് കാറ്റുപിടിച്ചപോലിരിക്കും . ബസ് ഉടമകളിൽ നിന്ന് കൃത്യമായ പടി കണക്കു പറഞ്ഞു വാങ്ങുന്നവർ നിയമപാലകരായി വന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.!..
തിരുനക്കര നാഗമ്പടം സ്റ്റാൻഡുകളിൽ ജീവൻ പണയംവച്ചുവേണം യാത്രക്കാർ നടക്കാൻ. യാത്രക്കാരുടെ മാത്രമല്ല, സഹപ്രവർത്തകരുടെ മേത്തും വണ്ടി കയറ്റും. സ്റ്റിയറിംഗ് പിടിച്ചാൽ പിന്നെ ഹാലിളകിയപോലാണ് ചിലർ. എന്തെങ്കിലും അപകടം ഉണ്ടായാൽ രണ്ടു ദിവസത്തേക്ക് രണ്ട് പൊലീസുകാർ വായിനോക്കികളെപോലെ സ്റ്റാൻഡിൽ അധികമായി നിൽക്കും അതിനപ്പുറം ഒന്നും നടന്ന ചരിത്രമില്ല .