കോട്ടയം: അശരണർക്ക് ആശ്വാസകേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ വാർഷിപൊതുയോഗവും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും കളത്തിപ്പടി സ്നേഹക്കൂട് ആസ്ഥാനത്ത് രാവിലെ 11ന് നടക്കും.
സാമൂഹ്യമാദ്ധ്യമ കൂട്ടായ്മയിൽ തുടക്കം കുറിച്ച അഭയമന്ദിരം ഇന്ന് നിരാലംബരായ മുപ്പതോളം വൃദ്ധമാതാപിതാക്കളുടെ ആശ്റയകേന്ദ്രമാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള തദ്ദേശിയരും പ്രവാസികളുമായ നിരവധി വ്യക്തികളും സ്ഥാപനങ്ങളുമാണ് സ്നേഹക്കൂട് കൂട്ടായ്മയുടെ അണിയറ പ്രവർത്തകർ. നിർദ്ദനരായ കുട്ടികളുടെ വിദ്യാഭ്യാസം, രോഗികൾക്ക് ചികിത്സാ സഹായം, പെൺകുട്ടികളുടെ വിവാഹം എന്നിവയ്ക്ക് പുറമെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് പ്രഭാതഭക്ഷണ വിതരണവും സ്നേഹക്കൂട് നിർവഹിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവനോപാദികളില്ലാതെ കഷ്ടപ്പെട്ട നിരവധി ആളുകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും, സ്വന്തമായി തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് വീട് നിർമ്മിച്ചുകൊടുക്കുന്നതിനുമൊക്കെ സ്നേഹക്കൂട് സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. അംഗങ്ങൾ സ്വന്തം വരുമാനത്തിൽ നിന്ന് നൽകുന്ന സംഭാവനയാണ് സ്നേഹക്കൂടിന്റെ അടിത്തറ. ഇന്ന് നടക്കുന്ന വാർഷിക പൊതുയോഗം മുൻവർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിനൊപ്പം പുതുതായി കൂട്ടായ്മയിൽ ചേരുന്നവർക്കുള്ള അംഗത്വവിതരണവും നടത്തുമെന്ന് ചെയർപേഴ്സൺ നിഷ, ജനറൽ സെക്രട്ടറി അനുരാജ് എന്നിവർ അറിയിച്ചു.