കോട്ടയം: സ്‌ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്‌ത കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് ഭർത്താവിനെ കോടതി വെറുതെവിട്ടു. വൈക്കം കണ്ണുകെട്ടി മുട്ടത്തിക്കരിയിൽ വീട്ടിൽ സനീഷിനെ (28)യാണ് ആഡീഷണൽ സെഷൻസ് കോടതി അഞ്ച് ജഡ്‌ജി ഹഫീസ് മുഹമ്മദ് വെറുതെ വിട്ടത്. 2012 മേയ് 24 ന് സനീഷിന്റെ ഭാര്യ ചൈത്രയെ (20) മുറിയ്‌ക്കുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കോടതി വിധി. സ്‌ത്രീധനം ആവശ്യപ്പെട്ടും, ചൈത്രയുടെ വീട്ടുകാരെ മോശമായി ചിത്രീകരിച്ച് പരിഹസിച്ചും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌ത് പീഡിപ്പിച്ചതിനെ തുടർന്ന് ചൈത്ര ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പാലാ ഡി. വൈ.എസ്.പി ആദ്യം അന്വേഷിച്ച കേസ് പിന്നീട് മുഖ്യമന്ത്രിയ്‌ക്ക് ചൈത്രയുടെ ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പിയാണ് അന്വേഷിച്ചത്. ചൈത്രയുടെ അമ്മയും സഹോദരനും ബന്ധുക്കളും സമുദായ ഭാരവാഹികളും അടക്കം 14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.14 സാക്ഷികളും പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകി, 21 രേഖകളും 11 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. എന്നാൽ ചൈത്ര ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയോ, ഭർത്തു വീട്ടുകാരുടെയോ, പീഠന മൂലമോ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക-മാനസിക ഉപദ്രവം മൂലമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
ചൈത്രയുടെ ചെറുപ്പത്തിലേ മാതാപിതാക്കൾ വേർപിരിഞ്ഞ്, രണ്ട് പേരും വേറെ വിവാഹം കഴിച്ചതിലുള്ള മാനസിക പ്രയാസങ്ങളും, ഗർഭഛിദ്രം നടത്തേണ്ടി വന്നതും, സഹോദരന്റെയും മാതാവിന്റെയും ക്രൂരമായ പെരുമാറ്റവുമാണ് ആത്മഹത്യക്ക് കാരണമായതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ: ജിതേഷ് ജെ.ബാബു, സുബിൻ കെ.വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി.