road

കുറവിലങ്ങാട് : ഒരുതവണ പോയാൽ മതി പിന്നെയാരും ഇതുവഴി വരില്ല. വളകുഴി നെച്ചിമറ്റം റോഡ് യാത്രക്കാർക്കും പ്രദേശവാസികൾക്കും ചില്ലറ ദുരിതമല്ല നൽകുന്നത്. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാൽനടയാത്രയും ദുസഹമായി. കടപ്ലാമറ്റം പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡായിട്ടും അധികൃതർ നിസംഗത പുലർത്തുകയാണെന്നാണ് ആക്ഷേപം. നെച്ചിമറ്റം, ഇലയ്ക്കാട് എന്നിവിടങ്ങളിലുള്ളവരുടെ ആശ്രയമായിരുന്നു റോഡ്. ചെറുതും വലുതുമായ നിരവധി കുഴികളാണ് വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ മെറ്റിൽ ചിതറിക്കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. അടുത്തിടെയായി പൊടിശല്യവും രൂക്ഷമാണ്. ഇത് വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നു. റോഡ് തകർന്നെങ്കിലും സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നു പോകുന്നുണ്ട്. ഭാര വാഹനങ്ങളുടെ യാത്രയും റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയുണ്ട്.

ദുരിതം ഇവർക്ക്
നെച്ചിമറ്റം
മടയകുന്ന്
ഇലയ്ക്കാട്
വളകുഴി

വെളിച്ചവുമില്ല, രാത്രിയിൽ പെട്ടു !
റോഡിൽ വേണ്ടത്ര വഴിവിളക്കുകൾ ഇല്ലാത്തത് രാത്രികാലങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് കൂടുതൽ വലയുന്നത്. ഓട്ടോറിക്ഷകളും ഓട്ടം വിളിച്ചാൽ വരാതായി. അടിയന്തരമായി തകർന്ന റോഡ് പുനർനിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.