road
ചിത്രം. വാളറ ചീയപ്പാറയ്ക്ക് സമീപം തകര്‍ന്ന റോഡ് പുതുക്കി പണിതിട്ടും ഗതാഗത യോഗ്യമില്ലാതെ കിടക്കുന്നു.

അടിമാലി: കൊച്ചി- മധുര ദേശീയ പാതയിൽ വാളറ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പ്രളയത്തിൽ തകർന്ന റോഡ് പുതുക്കി പണിതെങ്കിലും ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടില്ല. ഇതുമൂലം ഈ ഭാഗത്തു കൂടി ഇപ്പോഴും ഒറ്റവരിയായിട്ടാണ് വാഹനങ്ങൾ പോകുന്നത്. പ്രളയത്തിൽ ഈ ഭാഗം പൂർണമായി തകർന്ന് ഗതാഗതം ലോവർപെരിയാർ വഴി തിരിച്ചുവിട്ടിരുന്നു. പിന്നീട് വാഹനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കി ഈ വഴി ഗതാഗതം പുനരാരംഭിച്ചു. മൂന്നു മാസത്തിനു ശേഷം ഈ ഭാഗത്തെ പണി പൂർത്തീകരിച്ചിട്ടും പഴയ റോഡിൽ കൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്നു പോകാനാകുന്നത്. പഴയ റോഡിന്റെ ഭാഗമായ കൽക്കെട്ട് ഇപ്പോഴും പൂർണമായി നീക്കാത്തതിനാൽ ഗതാഗത തടസപ്പെടുത്തി റോഡിന്റെ മധ്യഭാഗത്ത് തന്നെയുണ്ട്. അതിനാൽ മൂന്നാറിലേയ്ക്കുള്ള സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുമ്പോൾ ഈ ഭാഗത്ത് മണിക്കൂറുകളോളം ഗതാഗതകുരുക്ക്
ഉണ്ടാകാറുണ്ട്. ദേശീയപാത അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണം. പുതിയതായി വീതി കൂട്ടി പണിത ഈ ഭാഗം ഗതാഗത യോഗ്യമാകണമെന്ന ആവശ്യം ശക്തമാണ്.