കോട്ടയം: കുമാരനല്ലൂരിലെ മക്കാ മസ്‌ജിദിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 20,000 രൂപ മോഷണം പോയി. പ്രതി മോഷണം നടത്തുന്നതിന്റെയും, നേർച്ചപ്പെട്ടി കുത്തിത്തുറക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇവിടെ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ശനിയാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പള്ളിയുടെ മതിൽ ചാടി ഉള്ളിൽക്കടന്ന മോഷ്‌ടാവ്, കമ്പിപ്പാരയും, ഫോർ വീലർ സ്‌പാനറും ഉപയോഗിച്ച് നേർച്ചപ്പെട്ടി തകർക്കുകയായിരുന്നു. ഒരു മണിക്കൂറോളം പള്ളിയ്‌ക്കുള്ളിൽ ചിലവഴിച്ച പ്രതി ഓഫിസ് മുറി തകർക്കാനും ശ്രമം നടത്തി. മതിൽ ചാടി പള്ളിയുടെ കെട്ടിടത്തിനുള്ളിൽ കയറിയ പ്രതി, ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു ആദ്യം. ചുവപ്പ് ഷർട്ട് ധരിച്ച്, മുഖം തലയിലൂടെ തോർത്ത് ഇട്ട് മറച്ചാണ് പ്രതി പള്ളിയ്‌ക്കുള്ളിൽ കടന്നത്. പള്ളിയ്‌ക്കുള്ളിലൂടെ നടന്ന സമീപ വാസികൾ ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി. തുടർന്ന് ഫോർ വീലർ സ്‌പാനർ ഉപയോഗിച്ച് പള്ളിയുടെ നേർച്ചപ്പെട്ടി തകർക്കാൻ ആദ്യം ശ്രമം നടത്തി. ഇത് പരാജയപ്പെട്ടതോടെ സമീപത്തു നിന്നും കമ്പിപ്പാരയെടുത്ത് നേർച്ചപ്പെട്ടി കുത്തിത്തുറന്നു. തുറന്ന് നേർച്ചപ്പെട്ടി തുറന്ന് പണം തോർത്തിൽ പൊതിഞ്ഞു പുറത്ത് കടന്നു. കമ്പിപ്പാര ഉപയോഗിച്ച് ഓഫിസ് മുറി തുറക്കാൻ ശ്രമിച്ചതിന്റെ പാടുകളും വാതിലിലുണ്ട്. മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര, ലിവർ എന്നിവയും, നേർച്ചപ്പെട്ടിയുടെ പൂട്ടും പള്ളിയ്‌ക്കുള്ളിൽ നിന്നും ലഭിച്ചിട്ടുണ്ട്. പള്ളിയുടെ വാട്ടർടാങ്കിന് സമീപത്തുനിന്ന് ലിവറും പൂട്ടും അയൽവീട്ടിലെ പറമ്പിൽനിന്ന് കമ്പിപാരയും ലഭിക്കുകയായിരുന്നു.
1.30 ന് പള്ളിയ്‌ക്കുള്ളിൽ കടന്ന മോഷടാവ് 2.30 നാണ് പുറത്തിറങ്ങുന്നത്.