കോട്ടയം: ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ പാതിയും സർവീസ് നടത്തുന്നത് കൃത്യമായി നികുതി അടയ്‌ക്കാതെ. നികുതി പരിശോധനയ്ക്കായി പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥരുള്ളപ്പോഴാണ് സ്വകാര്യ ബസുകൾ നികുതി വെട്ടിച്ച് കറങ്ങുന്നത്.
കഴിഞ്ഞ ദിവസം കോട്ടയം ബസേലിയസ് കോളേജിനു മുന്നിലെ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ ഇടിച്ചതിനെ തുടർന്ന് കോട്ടയം - എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സോണീസ് ബസ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ എം.ബി ജയചന്ദ്രൻ കസ്റ്റഡിയിലെടുത്തതോടെയാണ് ഇതു വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മാസമായി ടാക്‌സ് അടയ്‌ക്കുന്നില്ലെന്ന് കണ്ടെത്തി.
കിടങ്ങൂർ സ്വദേശിയുടെ ബസ് മണർകാട് സ്വദേശി ലീസിനെടുത്താണ് സർവീസ് നടത്തുന്നത്. ഒരിക്കൽ പ്രശ്‌നമുണ്ടായപ്പോൾ മറ്റൊരു കണ്ടക്‌ടറെയാണ് സർവീസിനായി നിയോഗിച്ചിരുന്നത്. ബസ് പിടിച്ചെടുക്കുമ്പോൾ ഡ്രൈവർ ലൈസൻസ് കാണിക്കാനും തയ്യാറായില്ല.
ഒറ്റക്ലിക്കിൽ ടാക്‌സറിയാം
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈലിലുള്ള ആപ്ലിക്കേഷനിൽ ഒറ്റ ക്ലിക്കിലൂടെ വാഹനം ടാക്‌സ് അടച്ചതാണോ എന്ന് അറിയാൻ സാധിക്കും. എന്നാൽ, പല ഉദ്യോഗസ്ഥരും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് ആരോപണം. കോൺട്രാക്‌ട് കാരിയേജുകളും ബസുകളും ഓട്ടോറിക്ഷകളും, ടാക്‌സി വാഹനങ്ങളും ടാക്‌സ് അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കൃത്യമായ സംവിധാനം മോട്ടോർ വാഹന വകുപ്പിനുണ്ട്. ഓരോ മൂവായിരം ടാക്‌സി നമ്പരുകളും ഓരോ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ ചുമതലയിലാണ്. ഇവർക്കുണ്ടായ വീഴ്‌ചയാണ് ഇപ്പോൾ സ്വകാര്യ ബസുകൾ നികുതി അടയ്‌ക്കാതെ തലങ്ങും വിലങ്ങും പായുന്നതിൽ എത്തി നിൽക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ സഹായം ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ജില്ലയിൽ ആകെ ബസുകൾ -1200
ത്രെെമാസ നികുതി. 40,000 രൂപ
ബസുകൾക്കെതിരെ
ആരോപണങ്ങൾ