കോട്ടയം: കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ പ്രതീക്ഷ നശിച്ച് ജലഗതാഗത വകുപ്പും. ഇതോടെ മദ്ധ്യകേരളത്തിലെ സുപ്റധാന ജലപാതകളിലൊന്നാണ് 'ഓർമ്മയാകുന്നത്'. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ബോട്ട് സവാരിക്ക് വിലങ്ങുതടിയാകുന്നത്. കാഞ്ഞിരത്ത് പുതിയപാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് വർഷം മുമ്പ് ബോട്ട് സർവീസ് ഭാഗീകമായി നിറുത്തിയതോടെ കോടിമതയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന സർവീസുകൾ കാഞ്ഞിരം ജെട്ടിയിൽ അവസാനിപ്പിച്ചിരുന്നു. പിന്നീട് പാലത്തിന്റെ പണി പൂർത്തിയായെങ്കിലും കാഞ്ഞിരത്തിനും കോടിമതയ്ക്കും ഇടയിലുള്ള ജലപാതയിലെ നിരവധി ചെറുപാലങ്ങൾ 'വഴിമുടക്കിയതിനാൽ' ബോട്ട് കോടിമതയിൽ എത്തിയില്ല. ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും കഴിയുന്ന പൊക്കുപാലങ്ങളാണ് ബോട്ടുചാലിന് കുറുകെ നിർമ്മിച്ചതെങ്കിലും ആവശ്യം വന്നപ്പോൾ വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങാത്തതാണ് പ്രശ്നമായത്. ചില പാലങ്ങൾ പൊക്കാനും താഴ്ത്താനും വയ്യാത്ത അവസ്ഥയിലായതോടെ ഇതിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടി പിന്നെയും കാത്തിരിപ്പ് നീണ്ടു. ഇതിനിടയിൽ കനാലിലെ പോള, ആഴക്കുറവ് തുടങ്ങി പുതിയ തടസങ്ങളും തലപൊക്കി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന അറിയിപ്പുകളുണ്ടായിരുന്നെങ്കിലും ബോട്ട് മാത്രം ഓടിയില്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ചെറുപാലങ്ങൾ നിർമ്മിച്ചതാണ് മദ്ധ്യകേരളത്തിന്റെ പ്രധാന ജലപാതകളിലൊന്ന് വിസ്മൃതിയിലാകാൻ പ്രധാന കാരണമെന്നാണ് ആക്ഷേപം.
'ആലപ്പുഴ- കോട്ടയം ബോട്ട് സർവീസ് ഇനി പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയുമില്ല. ജലപാതയിലെ തടസങ്ങൾ നീക്കുന്നതുൾപ്പെടെയുള്ള സാങ്കേതികത്വങ്ങൾ ജലഗതാഗത വകുപ്പിന്റെ പരിധിയിൽ വരുന്ന വിഷയമല്ല. ഒരുപാലം ശരിയാക്കുമ്പോൾ അടുത്തത് കേടാകും. എല്ലാ പലാങ്ങളും നിയമവിധേയമാണോ എന്നുപോലും സംശയമുണ്ട്'
- ഷാജി വി. നായർ, ഡയറക്ടർ, കേരള ജലഗതാഗത വകുപ്പ്.