തലയോലപ്പറമ്പ്: അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു കൊണ്ട് രാഹുൽ ഗാന്ധി കോൺഗ്രസിൽ പുതിയൊരു മാതൃകയാണ് സൃഷ്ടിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ജനസേവനത്തിന് സ്ഥാനമാനങ്ങൾക്ക് യാതൊരു പ്രശക്തിയുമില്ലെന്നാണ് രാജിയിലൂടെ അദ്ദേഹം നൽകിയ സന്ദേശമെന്നും രാജ്യത്തിന് വേണ്ടി ജീവിക്കുന്ന രാഹുലിലൂടെ കോൺഗ്രസ് ശക്തമായി അധികാരത്തിൽ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബൂത്ത് പ്രസിഡന്റുമാർക്കായി നടത്തിയ ഏകദിന പഠന ക്യാമ്പ് 'ദിശ 2020 ' കാട്ടിക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ബി.ജെ.പി.സർക്കാർ പ്രതിപക്ഷത്തേയും ജുഡീഷ്യറിയേയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.പി. സിബിച്ചൻഅദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡി സിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, അഡ്വ. പി.എ. സലിം, നാട്ടകം സുരേഷ്, അക്കരപ്പാടം ശശി, മോഹൻ ഡി. ബാബു, അബ്ദുൾ സലാം റാവുത്തർ, ജയ്‌ജോൺ പി.വി. പ്രസാദ്, എം.കെ.ഷിബു, എൻ.സി.തോമസ്, എസ്.ജയപ്രകാശ്, റഷീദ് മങ്ങാടൻ, കെ.കെ.ഷാജി, ആർ.അനീഷ്, പി.സി.തങ്കരാജ്, കെ.വി.മനോഹരൻ, ടി.കെ.കുര്യാക്കോസ്, വിജയമ്മ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.