രാമപുരം : സ്ത്രീ ശാക്തീകരണവും കുടുംബങ്ങളിലുള്ള ബോധവത്കരണവും ഇന്നത്തെ കാലഘട്ടത്തിൽ മാറ്റവും അനിവാര്യവുമാണെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. രാമപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ 21-ാമത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളിൽ സ്വന്തമായി സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിൽ കുടുംബശ്രീ പ്രസ്ഥാനം പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അങ്കണത്തിൽ നിന്ന് രാവിലെ 10 ന് ആരംഭിച്ച റാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെമിനി സിന്നി ഫ്ലാഗ് ഒഫ് ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു രമേശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ മുഖ്യപ്രഭാഷണം നടത്തി. ചാർജ് ഓഫീസർ മാർട്ടിൻ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ബാലപാർലമെന്റിൽ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ അഭിഷേക് നമ്പൂതിരിയ്ക്ക് ജോസ്.കെ.എം മാണി എം.പി പുരസ്‌കാരം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ അനിത രാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസമ്മ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ബേബി എന്നിവർ പ്രസംഗിച്ചു.