അടിമാലി: ഒമ്പതാംക്ലാസുകാരിയായ ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച രാത്രി എട്ടിന് ആളൊഴിഞ്ഞ വീട്ടിൽ അടിമാലി തലനിരപ്പൻ ആദിവാസി കോളനിയിലെ ഊരുമൂപ്പൻ വിജയന്റെ മകൾ വിജിമോളാണ് (16) തൂങ്ങി മരിച്ചത്. സംഭവവത്തിൽ ഇതേ കോളനിയിലെ തങ്കപ്പൻ (60), മക്കളായ സതീശൻ (26), ചന്തു (28) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്തിയതിന് ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ തങ്കപ്പൻ തന്റെ മകൻ സതീശന് പെൺകുട്ടിയെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ വിജയൻ എതിർത്തു. ഈ സമയം തങ്കപ്പന്റെ ഒപ്പം സതീശനും ചന്തുവും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബഹളവും വഴക്കും ഉണ്ടായി. ഇതിനിടയിൽ പെൺകുട്ടിക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഇവർ പോയശേഷം പെൺകുട്ടി വീടിനോട് ചേർന്നുള്ള ബന്ധുവിന്റെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. അടിമാലി സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.