ചങ്ങനാശേരി: അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്. ഫാത്തിമാപുരം സ്വദേശി തയ്യിൽ വീട്ടിൽ അലക്‌സിനും(19), കൊല്ലം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റത്. ചങ്ങനാശേരി റെയിൽവേ ബൈപ്പാസ് റോഡിൽ മോർക്കുളങ്ങര ഭാഗത്ത് ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഇന്നോവ ക്രിസ്റ്റാ മോഡൽ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ആദ്യം ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. തുടർന്ന് 15 മീറ്റർ അകലെയുള്ള മറ്റ് രണ്ടു പോസ്റ്റുകളിലിടിച്ചശേഷം സമീപത്തെ ഓടയിലേക്കു കാർ തലകീഴായി മറിയുകയായിരുന്നു. ക്രിസ്തു ജ്യോതി കോളേജിലെ ബി.കോം ഒന്നാം വർഷവിദ്യാർത്ഥികളാണ് ഇരുവരും. ഇവരെ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.