തലയോലപ്പറമ്പ്: മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ നാലമ്പല തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്. അവധി ദിവസമായ ഇന്നലെ ആയിരങ്ങളാണ് ദർശനത്തിനെത്തിയത്. ഭക്തജനങ്ങളുടെ ക്യൂ മണിക്കൂറുകൾ നീണ്ടുനിന്നു. രോഹിണിവാരം കൂടി ആയിരുന്നതിനാൽ ക്ഷേത്രത്തിൽ വാരസദ്യയും പ്രസാദവിതരണവും ഉണ്ടായിരുന്നു. തീർത്ഥാടനത്തിന്റെ ഭാഗമായി എല്ലാ ദിവസവും ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ അന്നദാനം നടത്തി വരുന്നുണ്ട്. കോട്ടയം ജില്ലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം കൂടാതെ എറണാകുളം ജില്ലയിലെ പിറവത്തുള്ള മാമലശ്ശേരി ശ്രീ രാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവകൂടി ഉൾപ്പെടുത്തിയാണ് നാലമ്പല തീർത്ഥാടനം. തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായാണ് നാലമ്പല തീർത്ഥാടനവും,രാമായണ മാസാചരണവും സംഘടിപ്പിക്കുന്നത്.