മണർകാട് : ഇരുവൃക്കകളും തകരാറിലായി ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ബിന്ദുകുമാറിന് തുണയായത് ഒരു നാടുമുഴുവൻ. മണർകാട് പഞ്ചായത്ത് നിവാസികൾ ഒപ്പം നിന്നതിന്റെ പിൻബലത്തിൽ ഇന്ന് ബിന്ദുകുമാറിന്റെ ശസ്ത്രക്രിയ നടക്കും. മണർകാട് ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ താമസിക്കുന്ന ബിന്ദുകുമാറിന്റെ (47)ഇരുവൃക്കകളും തകരാറിലായി നാളുകളായി അമൃതാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഇതിനുള്ള ശാശ്വതപരിഹാരമായി ഡോക്ടർമാർ നിർദേശിച്ചിരുന്നത്. ഇതിനാവശ്യമായ ചികിത്സാ ചിലവ് കണ്ടെത്തുവാൻ ബിന്ദുകുമാറിന്റെ നിർദ്ധനകുടുംബത്തിന് കഴിയില്ലായിരുന്നു. തുടർ ചികിത്സയ്ക്ക് 12 ലക്ഷം രൂപയാണ് ചിലവ്. ഇത് കണ്ടെത്തുന്നതിനായി മണർകാട് പഞ്ചായത്തിലെ രോഗികളുടെ അവയവമാറ്റ ചികിത്സാ സഹായത്തിനായി ജീവൻരക്ഷാ എന്ന സമിതി രൂപീകരിച്ചു. മണർകാട് പഞ്ചായത്തിലെ 3,4,5,6,7,8,9 വാർഡുകളും സന്നദ്ധപ്രവർത്തകരും മതസംഘടനകളും ചങ്ങനാശേരി പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരിയും ടീമഗംങ്ങളും ഒത്തൊരുമിച്ചതോടെ ഉദ്യമം വിജയത്തിലെത്തുകയായിരുന്നു. ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് 4വരെയുള്ള അഞ്ച് മണിക്കൂറുകൾ കൊണ്ട് 12 ലക്ഷം രൂപ സമാഹരിക്കാനാണ് സമിതി ലക്ഷ്യമിട്ടിരുന്നത്. പ്രതീക്ഷിച്ചതിൽ കൂടുതലായി 1767600 രൂപ സമാഹരിക്കുവാൻ സാധിച്ചു. സമാഹരിച്ച തുക ബിന്ദു കുമാറിന്റെ മാതാപിതാക്കൾക്ക് കൈമാറി.