കോട്ടയം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം നാല് മുതിർന്ന പൊലീസ് സർജന്മാരുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും പോസ്റ്റുമോർട്ടം നടത്തും. വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കസ്റ്റഡിമരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ നിർദേശ പ്രകാരമാണിത്. രാജ്കുമാറിന്റെ ബന്ധുക്കളും ആർ.ഡി.ഒ, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ ഓഫീസർമാർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സെമിത്തേരിയിൽ നേരത്തെ തന്നെ എത്തിയിരുന്നു. ഇന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പുറത്തെടുക്കുമെന്ന വാർത്തയറിഞ്ഞ് പള്ളിയും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്.
ആദ്യപോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നില്ല. അതിനാലാണ് രണ്ടാമതും മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ ജസ്റ്റിസ് നാരായണക്കുറുപ്പ് ഉത്തരവിട്ടത്. രാജ്കുമാറിന്റെ ശരീരത്തിലെ മുറിവുകളുടെ പഴക്കം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കൂടാതെ ന്യൂമോണിയ ബാധയെ തുടർന്നാണ് രാജ്കുമാർ മരിച്ചതെന്ന റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥരെ കേസിൽ നിന്ന് ഒഴിവാക്കാനാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
കല്ലറയിൽ നിന്ന് ശേഖരിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിക്കും. തുടർന്ന് ഉച്ചയോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും.
രണ്ട് ആഴ്ചക്കുള്ളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നല്കണമെന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. പോസ്റ്റുമോർട്ടം വീഡിയോയിൽ രേഖപ്പെടുത്തും. ആദ്യ പോസ്റ്റുമോർട്ടത്തിന്റെ വീഡിയോയും കമ്മിഷൻ പരിശോധിക്കും.
രാജ്കുമാറിന്റെ വാരിയെല്ലുകൾ പൊട്ടിയത് എങ്ങനെയെന്നതിനെക്കുറിച്ചും റീപോസ്റ്റുമോർട്ടത്തിൽ സൂക്ഷ്മമായി പരിശോധിക്കും. ഇത് കേസിൽ നിർണായകമാവുമെന്നാണ് അറിയുന്നത്. മരണസമയത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ വച്ച് നെഞ്ചിലമർത്തിയതോടെ വാരിയെല്ലുകൾക്ക് ക്ഷതം സംഭവിച്ചതെന്ന് ആദ്യ പോസ്റ്റുമോർട്ടറിപ്പോർട്ടിലുള്ള സൂചന. എന്നാൽ പൊലീസ് മർദ്ദനത്തിലാണോ വാരിയെല്ലുകൾ പൊട്ടിയതെന്നതിനെക്കുറിച്ച് കൂടുതൽ പരിശോധന നടത്തിയിരുന്നില്ല. അഞ്ച് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ മാസം 21നാണ് രാജ്കുമാർ കൊല്ലപ്പെട്ടത്.