കോട്ടയം: പ്രളയശേഷം അതിജീവനത്തിന്റെ പാതയിലാണ് ടൂറിസം മേഖല. മധ്യതിരുവിതാംകൂറിൽ ജലോത്സവകാലത്തിന് തുടക്കമായതോടെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വീണ്ടും വിനോദസഞ്ചാരത്തിന് കൊടിയേറുകയാണ്. നെഹ്രു ട്രോഫിക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കവെ ഹൗസ് ബോട്ടുകളും ഹോട്ടലുകളും ഏറെക്കുറെ ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു.

കേരളത്തിലെ ജലോത്സവ കാലം മുന്നിൽ കണ്ട് ജൂലായ്,​ ആഗസ്റ്റ് മാസങ്ങളിൽ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളുടെ സാന്നിദ്ധ്യം ആലപ്പുഴയിലും കുമരകത്തും പ്രകടമാണ്. എന്നാൽ പ്രളയത്തെ തുടർന്ന് നെഹ്രു ട്രോഫി ഉൾപ്പെടെയുള്ള ജലോത്സവങ്ങളുടെ നടത്തിപ്പ് താളംതെറ്റിയിരുന്നു. പിന്നീട് നെഹ്രു ട്രോഫി ജലോത്സവം നടത്തിയെങ്കിലും കാണികളുടെയും വിദേശ ടൂറിസ്റ്റുകളുടെയും പങ്കാളിത്തം നന്നേ കുറവായിരുന്നു. എന്നാൽ ആലപ്പുഴ, കോട്ടയം ജില്ലകളിലായി നടക്കുന്ന മറ്റു പല ജലോത്സവങ്ങളും നടന്നതുമില്ല. ഇത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. സ്വാഭാവികമായും ഹൗസ് ബോട്ട് മേഖലയെയും ഇത് ബാധിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബുക്കിംഗുകൾ പൂർണ്ണമായും റദ്ദാക്കിയിരുന്നു. സമാനസ്ഥിതിയാണ് ആലപ്പുഴയിലെയും കുമരകത്തെയും ഹോട്ടൽ വ്യവസായവും നേരിട്ടത്. മാസങ്ങൾക്ക് ശേഷമാണ് ഹൗസ്ബോട്ടുകളും ഹോട്ടലുകളും ഏതാണ്ട് പൂർണ്ണമായും ബുക്കിംഗ് എന്ന അവസ്ഥയിലേക്ക് എത്തിയത്. ഇപ്പോൾ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ നെഹ്രു ട്രോഫിക്കായി മാറ്റുരയ്ക്കുന്ന വള്ളങ്ങളുടെ ട്രയൽ പുരോഗമിക്കുകയാണ്. പരിശീലനം കാണാനും ആവേശം പകരാനും ഇത്തവണ കായൽകരയിൽ വിദേശികളുടെ സാന്നിദ്ധ്യമേറുമെന്നതും ശ്രദ്ധേയമാണ്.

കാലാവസ്ഥയും

അനുകൂലം

പതിവിന് വിപരീതമായി കാലാവസ്ഥ അനുകൂലമായതും ടൂറിസം മേഖലയ്ക്ക് അനുഗ്രഹമായി. മഴ കുറവായതിനാൽ ചരിത്രത്തിലാദ്യമായി കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വെള്ളപ്പൊക്ക ഭീഷണിയും ഒഴിവായി. കർക്കടകത്തിലാണ് നെഹ്രു ട്രോഫി മത്സരവള്ളംകളിക്ക് ആലപ്പുഴ വേദിയാകുന്നത്. എന്നാൽ കർക്കടകം പാതി പിന്നിട്ടിട്ടും കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും മഴ കാര്യമായി ഇനിയും ലഭിച്ചിട്ടില്ല. ഇത് മേഖലയിലെ രണ്ടാം കൃഷിക്ക് പ്രതികൂലമായെങ്കിലും ടൂറിസം മേഖലയുടെ രണ്ടാം വരവിന് അനുകൂലമായിട്ടുണ്ട്.