വൈക്കം : ഉദയനാപുരം ചാത്തൻകുടി ദേവി ക്ഷേത്രത്തിൽ നടക്കുന്ന കനകധാര യജ്ഞത്തിന് വേണ്ടി നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം 5 ന് രാവിലെ 7.15 നും 8.57 നും ഇടയിൽ തന്ത്റി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. കനകധാര യജ്ഞം. 19 മുതൽ 25 വരെയാണ്. ക്ഷേത്രത്തിന്റെയും നാടിന്റെയും ഭക്തരുടെയും ഐശ്വര്യത്തിനും ശ്രേയസിനും വേണ്ടി നടത്തുന്ന യജ്ഞത്തിന്റെ ദീപ പ്രകാശനം 18ന് വൈകിട്ട് 6ന് ആഴ് വാഞ്ചേരി തമ്പ്രാക്കൾ നിർവഹിക്കും. 20 ലധികം ആചാര്യൻമാർ പങ്കെടുക്കും, കനകധാര സ്‌തോത്രങ്ങൾ ചൊല്ലി പുഷ്പങ്ങൾ കൊണ്ട് കലശത്തിൽ അർച്ചന നടത്തി കലശം പൂജിച്ച് ദേവിക്ക് അഭിഷേകം ചെയ്യുന്ന ചടങ്ങാണ് കനകധാരയജ്ഞം. 19 ന് മഹാഗണപതി ഹോമം, 20 ന് മഹാ മൃത്യുജ്ഞയ ഹോമം, 21 ന് നവഗ്രഹ ശാന്തിഹോമം, 22 ന് മഹാ ധന്വന്തരി ഹോമം, 23 ന് സ്വയംവര പാർവതീ പൂജ, 24 ന് മഹാശനീശ്വരപൂജ, 25 ന് മഹാസുകൃത ഹോമം എന്നിവയും നടക്കും. കനകധാര യജ്ഞത്തിനോടൊപ്പം ലക്ഷാർച്ചനയും നടത്തും. ഭാഗ്യസൂക്തം, ഐകമത്യസൂക്തം, പുരുഷസൂക്തം, ശ്രീസുക്തം ശ്രീവിദ്യാ മാന്ത്റാർച്ചന എന്നിവയുമുണ്ടാകും. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഭക്തജനങ്ങൾക്ക് മൂന്നു നേരവും ഭക്ഷണം നൽകുതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. സമാപന ദിവസമായ 25 ന് കനകധാരയജ്ഞ സമർപ്പണവും കലശാഭിഷേകവും മംഗളാരാധനയും മഹാപ്രസാദമൂട്ടും നടത്തും.