കോട്ടയം: അടിക്കടിയുള്ള കാലത്തീറ്റ വിലവർദ്ധനവിൽ പൊറുതി മുട്ടിയ ക്ഷീരകർഷകർ ഒടുവിൽ നിലപാട് കുടുപ്പിക്കുന്നു. പാൽ വിലകൂട്ടിയില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള ആദ്യ യോഗം ആഗസ്റ്റ് ഒന്നിന് ഉച്ചകഴിഞ്ഞ് 3 ന് ഏറ്റുമാനൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ ചേരും.

ഒരു മാസംകൊണ്ട് കാലിത്തീറ്റയുടെ വില 300 രൂപയിലേറെ വർദ്ധിച്ച സാഹചര്യത്തിലാണ് പാൽവിലകൂട്ടണമെന്ന ആവശ്യമുന്നയിച്ച് കർഷകർ ഒന്നടങ്കം സമരത്തിനിറങ്ങുന്നത്. വിവിധ ക്ഷീരസംഘങ്ങളുടേയും കർഷകരുടെയും കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയത്തിനതീതമായാണ് ഇക്കുറി സമരം. പതിനൊന്ന് ബ്ളോക്കുകളിലേയും ക്ഷീര സംഘങ്ങളുടെ ഭാരവാഹികളും കർഷകരും യോഗത്തിൽ പങ്കെടുക്കും. ഇതിനായി വാട്സാപ്പ് ഗ്രൂപ്പ് അടക്കം തുടങ്ങിയാണ് മുൻപോട്ട് പോകുന്നത്. എത്ര രൂപ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടണമെന്നതും യോഗം തീരുമാനിക്കും. ഏഴിനകാര്യങ്ങൾ നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

 വിലകൂട്ടിയിട്ട് രണ്ടര വർഷം


2017 ഫെബ്രുവരി 11നാണ് അവസാനമായി പാൽവില കൂട്ടിയത്. സ്റ്റാൻഡേർഡ് പാലിന് ലിറ്ററിന് 33.4 രൂപ കർഷകന് ലഭിക്കും. എന്നാൽ അന്ന് 950 രൂപയായിരുന്നു ഒരു ചാക്ക് കാലിത്തീറ്റ വില. പക്ഷേ, ഇന്ന് 1350 രൂപയിലെത്തി. ഈ സാഹചര്യത്തിൽ വിലകൂട്ടാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാനാവില്ലെന്നാണ് കർഷകർ പറയുന്നത്.

കാലിത്തീറ്റ വില

അന്ന് 950

ഇന്ന് 1350

കർഷകരുടെ ആവശ്യങ്ങൾ

 പാൽ വില കാലാനുസൃതമായി കൂട്ടാൻ നടപടിയെടുക്കുക

 സംഘാംഗങ്ങളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക

 കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകി വില പിടിച്ചു നിറുത്തുക

 സർക്കാർ അനുകൂല്യം പാൽ അളക്കുന്നവർക്ക് മാത്രമാക്കുക

 കർഷകരുടെ അക്കൗണ്ടിലേയ്ക്ക് കുറഞ്ഞത് 10 രൂപ നൽകുക

 എല്ലാ ബ്ളോക്കുകളിലും മുഴുവൻസമയ ഡോക്ടറെ ലഭ്യമാക്കുക

 കമ്പനിപാലിന്റെ ഗുണനിലവാര പരിശോധന കർശനമാക്കുക

'' ജില്ലയിൽ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് മൂന്ന് തവണ വാങ്ങിയ ആളാണ് ഞാൻ. 30 പശുക്കളുണ്ട്. ഇങ്ങനെ കാലിത്തീറ്റയ്ക്ക് വിലകൊടുത്ത് പശുവിനെ വളർത്താൻ കഴിയില്ല. അതുകൊണ്ടാണ് രാഷ്ട്രീയത്തിന് അതീതമായി ക്ഷീരകർഷകർ ഒന്നിക്കുന്നത്. സമര പരിപാടികളിൽ നിന്ന് പിന്നോട്ടില്ല''

- ജോഷി തെങ്ങനാചാലിൽ, കടപ്ളാമറ്റം ക്ഷീരസംഘം പ്രസിഡന്റ്