പാലാ: ശ്രീനാരായണ ഗുരുവിന്റെ ആശീർവാദത്തോടെ ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ച കേരളകൗമുദി ദിനപത്രം കേരളത്തിലെ നവോത്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്ത ഒരേയൊരു മാദ്ധ്യമമാണെന്ന് ജോസ് കെ.മാണി എം. പി. പറഞ്ഞു. കേവലം വാർത്തകൾക്ക് അപ്പുറം സംസ്ഥാനത്തിന്റെ രാഷ്ട്രീയ വീഷണവും സാമൂഹിക കാഴ്ച്ചപ്പാടുകളും രൂപപ്പെടുത്തുന്നതിൽ കേരളകൗമുദി വിപ്ലവകരമായ സംഭവനകളാണ് നൽകിയിട്ടുള്ളത്. പാലായിൽ കേരള കൗമുദിയുടെ നവീകരിച്ച ബ്യൂറോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ്. കെ. മാണി.

ഒരു പക്ഷെ കോട്ടയം ജില്ലയിൽ കെ.എം. മാണി പങ്കെടുക്കാത്ത കേരള കൗമുദിയുടെ ആദ്യത്തെ പരിപാടി ഇതായിരിക്കും. കെ.എം.മാണിയും കേരളകൗമുദിയും തമ്മിൽ അഗാധമായ ബന്ധമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ എം.പി. താനും ആ ഊഷ്മള ബന്ധം തുടരുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

അച്ചടി മാദ്ധ്യമങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി ദൃശ്യമാദ്ധ്യങ്ങളല്ല. സാമൂഹിക മാദ്ധ്യമങ്ങളാണ് ഇന്നാദ്യം വാർത്തകൾ പരത്തുന്നത്.

ഇത്തരം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പൊതുസമൂഹം ജേർണലിസ്റ്റുകൾ ആവുകയാണെന്നും എഡിറ്റ് ചെയ്യപ്പെടാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും ജോസ്. കെ. മാണി പറഞ്ഞു. ഇതിനെ പ്രതിരോധിച്ച് മുന്നോട്ട് പോകുന്നതിനെപ്പറ്റി അച്ചടി മാദ്ധ്യമങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ഇത്തരം സാമൂഹ്യ മാദ്ധ്യമങ്ങൾ സംഘടിതമായി വ്യക്തിഹത്യ വരെ നടത്തുന്നുണ്ട്. അത് തടയപ്പെടേണ്ടതുമാണ്. മാദ്ധ്യമ ലോകത്ത് കേരളകൗമുദിയുടെ സ്ഥാനം ഏറ്റവും ഉന്നതമാണെന്നും ജോസ് കെ. മാണി പറഞ്ഞു.

കേരളം രൂപപ്പെടുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ 'കേരളം' എന്ന പേര് പേരിൽ തന്നെ സ്വീകരിച്ച പത്രമാണ് കേരളകൗമുദിയെന്നത് ചരിത്രപരമായി ഒരു വലിയ പാഠം നൽകുന്നുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ പറഞ്ഞു.
കേരളകൗമുദി പാലായിലെ ചെറിയ ചെറിയ കാര്യങ്ങളുടെ പോലും വാർത്തകൾ കൊടുക്കുന്നുണ്ട്.പാലായെ സംബന്ധിച്ചിടത്തോളം പാലാക്കാർക്ക് ഏറ്റവും പ്രധാനപ്പെട്ടതും വേണ്ടപ്പെട്ടതുമായ ദിനപത്രമായി കേരളകൗമുദി മാറിയിട്ടുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ പറഞ്ഞു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്യൂറോ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശനം മാണി സി. കാപ്പൻ , ജോസ് കെ. മാണി എം. പിയ്ക്ക് നൽകി നിർവഹിച്ചു.

കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആമുഖ പ്രസംഗം നടത്തി. പാലാ നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം.സന്തോഷ് കുമാർ, എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി. പി. ചന്ദ്രൻ നായർ, കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹൻ, സി.പി. എം പാലാ ഏരിയാ കമ്മിറ്റി അംഗം വി. ജി. വിജയകുമാർ, സി. പി. ഐ കോട്ടയം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ബാബു കെ. ജോർജ്, ബി.ജെ.പി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടം, ബി.ഡി.ജെ.എസ് പാലാ നിയോജ മണ്ഡലം പ്രസിഡന്റ് ബിഡ്‌സൺ മല്ലികശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നു. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി. ജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ ആർ. ലെനിൻ മോൻ നന്ദിയും പറഞ്ഞു.

പരിപാടികൾക്ക് സുനിൽ പാലാ, എ.ആർ. ലെനിൻ മോൻ, സനൽ മണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി. പുതുതായി തുറന്ന പാലാ ബ്യൂറോയിൽ എത്തിയ കേരളകൗമുദി ഏജന്റുമാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.