പാലാ: കേരളകൗമുദിയുടെ ആദരം ഏറ്റുവാങ്ങി കൃതാർത്ഥരായി പ്രൊഫ. ഡോ. ജോസഫ് വെട്ടിക്കനും അഡ്വ.ജോർജ് സി. കാപ്പനും ഫിലിപ്പ് കുഴികുളവും.
പാലാ ബ്യൂറോ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മൂന്നു പേരെയും പൊന്നാട അണിയിച്ചാദരിച്ചത്.
സിവിൽ സർവീസ് വിദ്യാഭ്യാസ മേഖലയിൽ പ്രൊഫ. ഡോ.ജോസഫ് വെട്ടിക്കനും, സഹകരണ മേഖലയിൽ അഡ്വ. ജോർജ് സി. കാപ്പനും, ഫിലിപ്പ് കുഴികുളവും ചെയ്തിട്ടുള്ള സേവനങ്ങളും നേടിയിട്ടുള്ള ബഹുമതികളും കണക്കിലെടുത്താണ് മൂവരേയും കേരളകൗമുദി ആദരിച്ചത്. പാലാ ലേഖകൻ സുനിൽ പാലാ ഇവരെ സദസിനു പരിചയപ്പെടുത്തി.
പ്രൊഫ. ഡോ. ജോസഫ് വെട്ടിക്കനെ, പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഡോ. ജോസഫ് മലേപ്പറമ്പിലും, അഡ്വ. ജോർജ് സി. കാപ്പനെ കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജും, ഫിലിപ്പ് കുഴികുളത്തെ പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോയും പൊന്നാട അണിയിച്ചു. കേരള കൗമുദിയുടെ ആദരം ജീവിതത്തിലെ അതിപ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായി കണക്കാക്കുന്നുവെന്നും ഇതിൽ ആഹ്ലാദവും നന്ദിയുമുണ്ടെന്നും മൂവരും മറുപടി പ്രസംഗത്തിൽ പറഞ്ഞു.
10 വർഷത്തിനിടെ മുന്നൂറോളം സിവിൽ സർവീസുകാരെ രാജ്യത്തിനു സംഭാവന ചെയ്ത പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലാണ് പ്രൊഫ. ഡോ.ജോസഫ് വെട്ടിക്കൻ. മൂന്നര പതിറ്റാണ്ടായി കിഴതടിയൂർ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന അഡ്വ. ജോർജ് സി. കാപ്പനും, 33 വർഷമായി വലവൂർ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന ഫിലിപ്പ് കുഴികുളത്തിനും സഹകരണ മേഖലയിലെ ദേശീയ സംസ്ഥാന ബഹുമതികൾ പല തവണ ലഭിച്ചിട്ടുണ്ട്.